ലോകത്തിന് മുന്നിൽ മലയാളിയുടെ അഭിമാനമാണ് എം എ യൂസഫലി എന്ന നാമം. പ്രമുഖ റീട്ടെയിൽ ശൃംഘലകളിൽ ഒന്നായ ലുലു ഗ്രൂപ്പിന്റെ സ്ഥാപകനും, മാനജിങ് ഡയറക്ടറുമായ അദ്ദേഹം യുഎഇയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. കഠിനാധ്വാനത്തിലൂടെ ബിസിനസ് വിജയത്തിന്റെ കൊടുമുടികൾ താണ്ടിയ ചരിത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.
കൃത്യം 50 വർഷം മുമ്പ്, ഒരു സംരംഭകനാകുക എന്ന സ്വപ്നവുമായാണ് അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന എം എ യൂസഫലി അറേബ്യൻ മണലാരണ്യത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് ദുമ്ര എന്ന കപ്പലിൽ ആറ് ദിവസത്തെ യാത്രയ്ക്കൊടുവിൽ 1973 ഡിസംബർ 31-നാണ് ദുബൈയിലെ റാഷിദ് തുറമുഖത്ത് വന്നിറങ്ങിയത്. യൂസഫലിയുടെ പിതാവിന്റെ അനുജനായ എം കെ അബ്ദുല്ലയ്ക്ക് അബുദബിയിൽ പലവ്യഞ്ജന വ്യാപാരമായിരുന്നു.
ഈ ചെറുകിട വ്യാപാര സ്ഥാപനത്തിൽ യൂസഫലി ജോലി തുടങ്ങി. ജീവിതം ദുഷ്‌കരമായിരുന്നു. പക്ഷേ പുതിയ ഉയരങ്ങളിലേക്ക് പറക്കണമെന്ന മോഹം അന്നേ ആ യുവാവിന്റെ മനസിൽ ഉണ്ടായിരുന്നു. ഒടുവിൽ അതിലേക്കുള്ള യാത്രകളായി. തുടർന്ന് 1970 കളുടെ അവസാനം ഒരു ചെറിയ വ്യാപാര കേന്ദ്രം ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ ഇറക്കുമതി നടത്തി. പിന്നീടാണ് സൂപ്പർമാർക്കറ്റുകൾ എന്ന ആശയത്തിലേക്ക് മാറുന്നത്.
ഇന്ന്, ഈ 68 കാരനായ മലയാളി, ജനപ്രിയ ഹൈപ്പർമാർക്കറ്റുകളുടെയും ഷോപ്പിംഗ് മാളുകളുടെയും ഉടമയും ലോകത്തിലെ ശതകോടീശ്വരൻമാരിൽ ഒരാളുമായി എത്തിനിൽക്കുന്നു. അതിലുപരി മനുഷ്യസ്‌നേഹി എന്ന മുഖമുദ്രയും അദ്ദേഹത്തിന് സ്വന്തം. പലർക്കും യൂസഫലി കൈത്താങ്ങായി. 24 രാജ്യങ്ങളിലായി 260ലധികം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുള്ള ലുലു ഗ്രൂപ്പ് ഇന്ന് ഈ മേഖലയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിലൊന്നാണ്. 46 ലധികം രാജ്യങ്ങളിലെ 70,000 ആളുകൾ യൂസഫലിയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.
ഭക്ഷ്യ സംസ്ക്കരണം, ഹോൾസെയിൽ, കയറ്റുമതി-ഇറക്കുമതി, ഷിപ്പിങ്, ഐടി, ഹോട്ടൽ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ ലുലു ഗ്രൂപ്പിന് ബിസിനസ് സാന്നിധ്യമുണ്ട്. അബുദബി സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ അബുദബി അവാർഡ്, വിദേശ ഇൻഡ്യക്കാർക്ക് നൽകുന്ന ഇൻഡ്യൻ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ, ഇൻഡ്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ യൂസഫലിയെ തേടിയെത്തി.
യുഎഇ യുടെ സ്ഥാപക പിതാവ് പരേതനായ ശൈഖ് സാഇദ് ബിൻ സുൽത്വാൻ ആൽ നഹ്യാനിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ യൂസഫലി എന്നും സ്മരിക്കാറുണ്ട്. മിഡിൽ ഈസ്റ്റ്, ഇൻഡ്യ, ഈജിപ്ത്, ഇൻഡോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, ഫിലിപിൻസ്, ചൈന, ശ്രീലങ്ക, കെനിയ, ഉഗാണ്ട, ദക്ഷിണാഫിക, തുർക്കി, സ്പെയിൻ, ഇറ്റലി, യുകെ, യുഎസ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസിനൊപ്പം നേട്ടങ്ങളിൽ വിശ്രമിക്കാൻ സമയമില്ലാതെ യൂസഫലി യാത്ര തുടരുകയാണ്.
എം.എ യൂസഫലിയുടെ സമാനതകളില്ലാത്ത 50 വർഷക്കാലത്തെ യുഎഇ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ആദരവുമായി നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ ഒരുക്കുമെന്ന് പ്രവാസി സംരംഭകൻ ഡോ. ഷംസീർ വയലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എം.എ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെൽത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ശബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംസീർ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്.