കോട്ടയം: പുതുവർഷത്തിൽ ഷൊർണ്ണൂരിലേക്കുള്ള ‘വളഞ്ഞവഴി’ ഒഴിവാക്കി ‘നേർപാത’ സ്വീകരിച്ചിരിക്കുകയാണ് ശബരി എക്സ്‌പ്രസ്.ഇന്നലെ മുതൽ ഷൊർണൂർ ഒഴിവാക്കി തൃശൂർ- പാലക്കാട് വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
17229/17230 ശബരി എക്സ്പ്രസ്സ്. ഷൊർണുരിന് പകരമായി വടക്കാഞ്ചേരിയിൽ നിർത്തും. ഇതോടെ ശരിയായ പാതയിൽ നിന്നും മാറി സർവീസ് നടത്തുന്ന കേരളത്തിലെ ഏക ട്രെയിൻ ആയി മാറുകയാണ് 16301/16302 തിരുവനന്തപുരം ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്സ്.
നിലവിൽ കോട്ടയം വഴിയുള്ള എല്ലാ എക്സ്പ്രസ്സ് ട്രെയിനുകളും എറണാകുളം ടൗൺ വഴി സർവീസ് നടത്തുമ്പോൾ വേണാട് എക്സ്പ്രസ് മാത്രം എറണാകുളം ജംഗ്ഷനിൽ എത്തി എഞ്ചിൻ മാറ്റി തുടർന്ന് വീണ്ടും എറണാകുളം ടൗൺ എത്തി യാത്ര തുടരുന്നു.
ഇതിനെ തുടർന്ന് തൃശ്ശൂർ,ഷൊർണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് 45 മിനിറ്റോളം സമയം നഷ്ടപ്പെടുന്നു. നിലവിൽ തന്നെ എറണാകുളത്ത് തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉള്ള വേണാട് എക്സ്പ്രസ്സിന് എറണാകുളം ജംഗ്ഷൻ സ്റ്റോപ്പ് അനാവശ്യമാണ്. മെട്രോ അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ എറണാകുളം ടൗൺ സ്റ്റേഷനിൽ ലഭ്യമാണ്. തൃപ്പൂണിത്തുറയിലും പുതുവർഷാരംഭത്തിൽ മെട്രോ എത്തുന്നതോടെ സൗത്ത് ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്തിചേരാവുന്നതാണ്.
രാവിലെ കായംകുളത്തിനും കോട്ടയത്തിനും ഇടയിൽ ഉള്ള യാത്രക്കാർ ഏറ്റവും കൂടുതൽ എറണാകുളം തൃശ്ശൂർ ഭാഗത്തേക്ക് ഉപയോഗിക്കുന്ന ട്രെയിൻ ആണ് വേണാട് എക്സ്പ്രസ്സ്. പുലർച്ചെ ഉള്ള പാലരുവി എക്സ്പ്രസ് ചാലക്കുടി, ഇരിഞ്ഞാലക്കുട മുതലായ സ്റ്റേഷനുകളിൽ നിർത്താത്തതിനാൽ വളരെ അധികം യാത്രക്കാരാണ് വേണാടിനെ ആശ്രയിക്കുന്നത്. ദിവസവും ഷെഡ്യൂൾഡ് സമയമായ 10 മണിക്കും വളരെ മുന്നേ എറണാകുളം സൗത്തിൽ എത്തുന്ന വേണാട് എഞ്ചിൻ മാറ്റിവെച്ചു യാത്ര തുടരുമ്പോൾ 45 മിനിട്ടെങ്കിലും എടുക്കും. രാവിലെ 08:40 നു പാലരുവി പോയാൽ എറണാകുളം ടൗൺ സ്റ്റേഷനിൽ 10:20വരെ മറ്റു ട്രെയിനുകൾ തൃശ്ശൂർ ഭാഗത്തേക്കില്ല അതിനാൽ തന്നെ ഒഴിവുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വേണാട് സൗത്ത് ഒഴിവാക്കി യാത്ര തുടർന്നാൽ 09:40 നേ എത്താമെന്നു യാത്രക്കാർ ചൂണ്ടികാണിക്കുന്നു.
നിലവിൽ വേണാടിന്റെ അശാസ്ത്രീയമായ സമയക്രമം മൂലം
വൈകുന്നേരവും യാത്രക്കാർ വലയുകയാണ്. ഷൊർണ്ണൂർ മുതൽ എറണാകുളം വരെ നിരവധി സ്റ്റോപ്പുകൾ ഉള്ള വേണാടിന്റെ പുറകെ വളരെ കുറച്ച് സ്റ്റോപ്പുകൾ ഉള്ള ബെംഗളൂരു ഇന്റർസിറ്റി, ജനശതാബ്ദി,കേരള എക്സ്പ്രസ്സ് മുതലായ പ്രീമിയം ട്രെയിനുകൾ എറണാകുളം വരെ സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനുകളിൽ വരെ പിടിച്ചിട്ട് ഇഴയുകയാണ്. എന്നാൽ വൈകിട്ട് 03:53 നു അങ്കമാലി എത്തുന്ന വേണാട് സൗത്തിൽ എത്തി എഞ്ചിൻ മാറ്റി തൃപ്പൂണിത്തുറ എത്തുമ്പോളേക്കും 06 മണി പിന്നിട്ടിട്ടുണ്ടാവും.02 മണിക്കുള്ള പരശുരാം എക്സ്പ്രസ്സ് കഴിഞ്ഞാൽ കോട്ടയം ഭാഗത്തേക്കുള്ള ഏക ഡെയ്ലി ട്രെയിൻ ആണ് വേണാട് എക്സ്പ്രസ്സ്.
സൗത്തിൽ നിന്നും വേണാട് പുറപ്പെടാൻ വൈകുമ്പോൾ നേരത്തെ കായംകുളത്ത് നിന്ന് എത്തി എറണാകുളം ഔട്ടറിൽ വിശ്രമിക്കുന്ന മെമുവിലെ യാത്രക്കാരും വലയുകയാണ്. എത്താൻ വൈകുന്നതിനാൽ 6:15 നു കൊല്ലത്തിന് പുറപ്പെടേണ്ട ഇതേ മെമുവും വൈകുന്നതു നിത്യസംഭവമാണ്. എറണാകുളത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതോടെ കണക്ഷൻ ബസുകൾ അടക്കം കിട്ടാതെ വീട്ടിലെത്താൻ കഷ്ടപ്പെടുന്നത്. വേണാട് വൈകുന്നത് മൂലം നിലവിൽ വേണാട് ,മെമു ,പാലരുവി ട്രെയിനുകൾ ഒരുമിച്ച് ഓടുന്ന അവസ്ഥയിലാണ്.ഇതും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല.
ഓഫീസ് സമയത്ത് ഓടുന്ന വേണാട് സ്മയക്ലിപ്തത പാലിക്കണമെന്നുള്ളത് യാത്രക്കാരുടെ സ്ഥിരം ആവശ്യമാണ്. സൗത്ത് ഒഴിവാക്കി യാത്ര തുടർന്നാൽ രാവിലെ ഓഫീസ് സമയത്തിന് മുന്നേ വേണാടിന് എറണാകുളം എത്തിചേരുവാനും തിരക്കേറിയ ജംഗ്ഷൻ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്ത അവസ്ഥയ്ക്കു മാറ്റം വരികയും ചെയ്യും.
സമീപഭാവിയിൽ തന്നെ വൈദ്യുതീകരണം പൂർത്തിയാവുന്ന നിലമ്പൂർ ഭാഗത്തേക്ക് വേണാട് നീട്ടണമെന്നും വൈക്കം, കഴക്കൂട്ടം പോലുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നുമുള്ള ദീർഘകാല ആവശ്യങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനും സൗത്ത് ഒഴിവാക്കുന്നതിലൂടെ റെയിൽവേയ്ക്ക് സാധിക്കും.