KeralaNEWS

നവകേരള സദസിലെ റബര്‍ വിവാദം തണുപ്പിക്കാന്‍ ശ്രമം; പരസ്പരം വേദിയൊരുക്കി മുഖ്യനും മാണി ഗ്രൂപ്പും

കോട്ടയം: റബറിനെപ്പറ്റി പ്രസംഗിച്ച തോമസ് ചാഴികാടന്‍ എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാന്‍ മുഖ്യമന്ത്രി നേരിട്ടു റബര്‍ കര്‍ഷകരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു തിരിച്ചും വേദി ഒരുക്കാന്‍ കേരള കോണ്‍ഗ്രസ് (എം). ജനുവരി 17നു തിരുവനന്തപുരത്ത് കെ.എം.മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. പഴയ അസംബ്ലി മന്ദിരത്തിലാണ് പ്രകാശനച്ചടങ്ങ്. സിപിഎമ്മും കേരള കോണ്‍ഗ്രസു (എം)മായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചത്.

പാലായില്‍ നവകേരള സദസ്സിന്റെ വേദിയില്‍ സ്വാഗത പ്രസംഗത്തിലാണു റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കല്‍ വിഷയം തോമസ് ചാഴികാടന്‍ ഉന്നയിച്ചത്. ഇതിലുള്ള അനിഷ്ടം പിണറായി വിജയന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതു വിവാദമായതോടെ കേരള കോണ്‍ഗ്രസ് (എം) സൈബര്‍ വിഭാഗം മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം പി. എം. മാത്യു പരസ്യ വിമര്‍ശനം നടത്തുകയും ചെയ്തു.

Signature-ad

ഈ വിവാദങ്ങള്‍ക്കു ശേഷമുള്ള ആദ്യ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജനുവരി അഞ്ചിനു കോട്ടയത്തു ചേരും. ഫണ്ട് പിരിവാണു പ്രധാന അജന്‍ഡയായി ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും പി.എം.മാത്യുവിന്റെ വിമര്‍ശനവും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും.

Back to top button
error: