KeralaNEWS

ഭക്തിയിലെ കാപട്യം: ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിരോധിത നോട്ടുകള്‍ നിറയുന്നു, ഈ കോടികള്‍ എന്തുചെയ്യണം എന്നറിയാതെ ദേവസ്വം

  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ നിരോധിത നോട്ടുകൾ കുമിഞ്ഞു കൂടുന്നു. ഓരോ മാസവും ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ എടുക്കാത്ത നോട്ടുകളുടെ എണ്ണം കൂടിവരുകയാണ്. 1.27 കോടിയിലേറെ രൂപയാണ് ‘എടുക്കാച്ചരക്കാ’യി ഗുരുവായൂര്‍ ദേവസ്വത്തില്‍ കെട്ടിക്കിടക്കുന്നത്.

2017 മുതല്‍ 2023 ഡിസംബര്‍ 15 വരെയുള്ള കണക്കാണിത്. നിരോധിത നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമായതിനാല്‍ പൊല്ലാപ്പിലായിരിക്കുകയാണ് ദേവസ്വം.

Signature-ad

നോട്ടുകള്‍ നശിപ്പിച്ചുകളയുന്ന കാര്യം നേരത്തേ ദേവസ്വം കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍, അതിനുള്ള അനുമതിയാവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് കത്തും നല്‍കിയിരിക്കുകയാണ്.

നിരോധിച്ച 500ന്റെ നോട്ടുകളാണ് ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ 500ന്റെ നോട്ടുകള്‍ ലഭിച്ചത്, 155 എണ്ണം. ഏറ്റവും കൂടുതല്‍ 1000ത്തിന്റെ നോട്ടുകള്‍ കിട്ടിയത് കഴിഞ്ഞ ഡിസംബറിലും, 52 എണ്ണം. നിരോധിച്ച 2000 രൂപാനോട്ടുകള്‍ പൊതുവേ കുറവാണ്.

ഭണ്ഡാരമെണ്ണിക്കഴിയുമ്പോള്‍ ലഭിക്കുന്ന നിരോധിത നോട്ടുകള്‍ ദേവസ്വത്തിന്റെ ലോക്കറിലേക്കു മാറ്റും. ഇവ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം പലതവണ റിസര്‍വ് ബാങ്കിനെ സമീപിക്കുകയുണ്ടായി. സ്വീകരിക്കാനാകില്ലെന്ന് ആര്‍.ബി.ഐ അധികൃതര്‍ കര്‍ശനമായി പറയുകയും ചെയ്തു.

കണ്ണൂരിലുള്ള സ്വകാര്യകമ്പനിക്ക് പള്‍പ്പുണ്ടാക്കുന്നതിന് നോട്ടുകള്‍ നല്‍കാനുള്ള ധാരണയുണ്ടായിരുന്നു. അതിനും കമ്മിഷണറുടെ അനുമതി ആവശ്യമാണ്.

ഇതിനിടെ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിരോധിത നോട്ടുകള്‍ കാണിക്കയായി ഇടരുതെന്ന് ഭക്തജനങ്ങളോട് ദേവസ്വത്തിന്റെ അഭ്യര്‍ഥന. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ പറയുന്നത്, ഇത്തരം നോട്ടുകള്‍ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നു കരുതിയാകണം ഭക്തര്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് എന്നാണ്.

Back to top button
error: