KeralaNEWS

ഇനിയും ഉണങ്ങാതെ മണിപ്പൂരിന്റെ മുറിവ്; ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കി തോമസ് ചാഴികാടൻ എംപി; മണിപ്പൂരിനായി ആവശ്യപ്പെട്ട കാര്യങ്ങൾ ഒന്നും കേന്ദ്ര സർക്കാർ നടപ്പാക്കിയില്ലെന്ന് തോമസ് ചാഴികാടൻ

കോട്ടയം: മണിപ്പൂർ കലാപത്തിന്റെ മുറിവുണങ്ങാത്ത സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കി തോമസ് ചാഴികാടൻ എംപി. മണിപ്പൂരിൽ താൻ നേരിട്ട് കണ്ട കാഴ്ചകൾ ഇന്നും മറക്കാനാവുന്നില്ലെന്നും എത്രയും വേഗം ഇവിടെ സമാധാനം പുലരട്ടെയെന്നും അദേഹം വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ ഇന്നും ഒരു സൗകര്യമില്ലാതെ കഴിയുന്നു. ഉറ്റവരുടെ മൃതദേഹം പോലും ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഭയക്കുകയാണ്.

സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടു പോലും കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാനായത് പകുതി മാത്രമാണ്. മണിപ്പൂർ സന്ദർശിച്ച ശേഷം താനടക്കമുള്ളവർ ആവശ്യപ്പെട്ട കാര്യങ്ങൾ ഒന്നും കേന്ദ്ര സർക്കാർ നടപ്പാക്കിയില്ലെന്നും തോമസ് ചാഴികാടൻ എംപി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ എല്ലാ ആഘോഷ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നതായും എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തോമസ് ചാഴികാടൻ എം പി ഫേസ്ബുക്കിൽ കുറിച്ചത്:

“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം”….. ക്രിസ്മസ് ദിനത്തിൽ ദൈവദൂതന്മാർ ലോകത്തിന് നൽകിയ സന്ദേശമാണിത്. എന്നാൽ ഇന്ന് ലോകത്ത് പലയിടത്തും യുദ്ധവും അശാന്തിയും നടമാടുകയാണ്. ഇന്ത്യയിലേക്ക് വന്നാൽ മണിപ്പൂരടക്കമുള്ള പ്രദേശങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷം അതിക്രമങ്ങൾക്ക് ഇരയാകുകയാണ്.

ഇങ്ങനെയുള്ളപ്പോൾ ശാന്തിയുടെയും ഐക്യത്തിന്റെയും സമാധാനത്തിത്തിന്റെയും ആഘോഷമായ ക്രിസ്മസ് എങ്ങനെ നമുക്ക് ആഘോഷിക്കാനാകും ? ക്രിസ്തുവിന്റെ പിറവി തിരുനാൾ ആഘോഷിക്കാനൊരുങ്ങുന്ന ഈ അവസരത്തിൽ എന്റെ മനസ്സിൽ നിറയെ മണിപ്പൂരിൽ ഞാൻ നേരിൽ കണ്ട കാഴ്ചകളാണ്. ക്യാമ്പുകളിൽ അഭയാർത്ഥികളായി കഴിയുന്ന ആയിരക്കണക്കിന് ആളുകൾ, തല്ലി തകർക്കപ്പെട്ട ദേവാലയങ്ങൾ, പാസ്റ്ററൽ സെന്ററുകൾ, ആക്രമിക്കപ്പെട്ട വിദ്യാലയങ്ങൾ… നിരവധി വൈദീകരും സന്യസ്തരും എന്തിനേറെ ബിഷപ്പുമാർ വരെയും ഭീതിയോടെ കഴിഞ്ഞ അനുഭവങ്ങൾ പങ്കുവച്ചത് ഞാൻ ഓർക്കുകയാണ്. പാർട്ടി ചെയർമാനൊപ്പമാണ് അന്ന് അവിടം സന്ദർശിച്ചത്.

അന്ന് മണിപ്പൂർ സന്ദർശിച്ച ശേഷം കേന്ദ്ര സർക്കാരിന് മുന്നിൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ദൗർഭാഗ്യവശാൽ ഒന്നിനും അനുഭാവ പൂർവമായ പരിഗണന ഉണ്ടായില്ല. ഇന്നും മണിപ്പൂരിലെ സഹോദരങ്ങൾ അവരുടെ ദുരിത ജീവിതം തന്നെ നയിക്കുകയാണ്. കലാപത്തിൽ കൊല്ലപ്പെട്ട 109 പേരുടെ മൃതദേഹങ്ങൾ ഇംഫാൽ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്നു. ഏഴു മാസത്തിനപ്പുറം സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിട്ട് പോലും 64 മൃതദേഹങ്ങൾ മാത്രമാണ് തിരികെ അവരുടെ നാട്ടിലെത്തിക്കാനായത്. ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും ബന്ധുക്കൾ ഭയം മൂലം തയ്യാറാകുന്നില്ല. സർക്കാർ ജീവനക്കാരെ പോലും സമുദായം നോക്കിയാണ് ഇന്ന് നിയമിക്കുന്നത്. 45500ലേറെ പേർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. യുദ്ധഭൂമിക്ക് സമാനമായി ഇന്നും മണിപ്പൂരിന്റെ മുറിവ് ഉണങ്ങിയിട്ടില്ല.

ഈ സാഹചര്യത്തിൽ ഒരു ക്രിസ്മസ് ആഘോഷത്തിന് എങ്ങനെ മനസ്സു വരും ? അതുകൊണ്ടു തന്നെ ക്രിസ്മസ് ദിനത്തിൽ ഒരു ആഘോഷങ്ങളും ഇത്തവണ ഇല്ല. എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്മസ് മംഗളങ്ങൾ.

Back to top button
error: