IndiaNEWS

ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെ പ്രൊഫസര്‍ കുഴഞ്ഞുവീണ് മരിച്ചു

   പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പ്രസംഗിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രൊഫസര്‍ മരിച്ചു. ഐ.ഐ.ടി കാന്‍പൂരിലെ സീനിയര്‍ പ്രൊഫസര്‍ സമീര്‍ ഖണ്ഡേക്കര്‍(53) ആണ് മരിച്ചത്. പൂര്‍വ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ  ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്‍സ്റ്റിറ്റിയൂടിലെ സ്റ്റുഡന്റ്‌സ് ഡീനും മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായിരുന്നു ഖണ്ഡേക്കര്‍. വെള്ളിയാഴ്ചയാണ്  പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നത്.

Signature-ad

നല്ല രീതിയില്‍ ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ‘നിങ്ങളുടെ ആരോഗ്യം നന്നായി സംരക്ഷിക്കണം’ എന്ന് പറഞ്ഞ ഉടന്‍ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നിലത്തിരുന്ന അദ്ദേഹം വികാരാധീനനായി എന്നാണ് കണ്ടിരുന്നവര്‍ ആദ്യം കരുതിയത്. കുറച്ചുസമയത്തിന് ശേഷം അദ്ദേഹം അമിതമായി വിയര്‍ക്കാന്‍ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 4 വർഷമായി ഉയര്‍ന്ന കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നയാളാണ് സമീര്‍ ഖന്ദേക്കര്‍.

പ്രഗത്ഭനായ അധ്യാപകനും മികച്ച ഗവേഷകനുമായിരുന്നു സമീര്‍ ഖണ്ഡേക്കര്‍ എന്ന് ഐ ഐ ടി കാണ്‍പുര്‍ മുന്‍ ഡയറക്ടര്‍ അഭയ് കരന്ദികര്‍ പറഞ്ഞു. സമീറിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൃതദേഹം ഐ ഐ ടി കാന്‍പുര്‍ ഹെല്‍ത് സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കുന്ന ഏകമകന്‍ പ്രവാഹ് ഖണ്ഡേക്കര്‍ എത്തിയ ശേഷമാകും സംസ്‌കാരം. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയാണ് സമീര്‍. കാന്‍പുര്‍ ഐ ഐ ടിയില്‍ നിന്ന് ബി ടെക് ബിരുദം നേടിയ അദ്ദേഹം ജര്‍മനിയിലാണ് പി.എച്ച്.ഡി ചെയ്തത്. 2004-ല്‍ കാന്‍പുര്‍ ഐ ഐ ടിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ സമീറിന് പിന്നീട് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. തന്റെ പേരില്‍ എട്ട് പേറ്റന്റുകളും അദ്ദേഹത്തിനുണ്ട്.

Back to top button
error: