സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. വിശ്വാസികള്‍ വീടുകളില്‍ ക്രിസ്മസ് നക്ഷത്രങ്ങളും ട്രീകളും പുല്‍ക്കൂടും തോരണങ്ങളുമെല്ലാം ഒരുക്കി ആഷോഷത്തെ വരവേല്‍ക്കുന്നു. ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍ മുന്തിരിച്ചാറും കേകും, ഭക്ഷണ സാധനങ്ങളുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് ഏവരും. പ്രാര്‍ഥനയുടെ അകമ്പടിയോടെ, ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്.
പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. മറ്റ് പരിപാടികള്‍ തുടരുന്നു. സാന്താക്ലോസ് അപ്പൂപ്പനൊപ്പം ഗൃഹസന്ദര്‍ശനത്തിന് ഇറങ്ങി കഴിഞ്ഞു കൊച്ചുകുട്ടികള്‍. അതിനിടെ വിശ്വാസികള്‍ക്ക് ക്രിസ്മസ് ആശംസ അറിയിച്ചിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ് എന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ പറഞ്ഞു.
ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസിച്ചു.