KeralaNEWS

തൃശൂർ പൂരം പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിളിച്ച യോ​ഗം തീരുമാനാമാകാതെ പിരിഞ്ഞു; കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും

തൃശൂർ: പൂരം പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിളിച്ച യോ​ഗം തീരുമാനാമാകാതെ പിരിഞ്ഞു. വിഷയത്തിൽ കോടതി ഇടപെടലുണ്ടായതിനാൽ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഇടപടലുണ്ടായിട്ടുണ്ട്. കേസ് 4 ന് വച്ചിരിക്കുകയാണ്. പൂരം തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ തീരുമാനമായില്ലെന്നും വിഷയത്തിൽ കോടതിയിൽ ഒരു നിലപാട് സർക്കാർ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോടതിയോട് സമ്മതം ചോദിക്കാതെ ഒരു കാര്യവും ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി കെ രാജനും പറഞ്ഞു. സൗജന്യമായി സ്ഥലം വിട്ടു കൊടുക്കണമെന്ന് യോ​ഗത്തിൽ പങ്കെടുത്ത ടിഎൻ പ്രതാപൻ എംപിയും പറഞ്ഞു. യോഗത്തിൽ തീരുമാനമായില്ലെന്നും വർധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദർ മേനോൻ പറഞ്ഞു. പൂരം എക്സിബിഷനോട് രണ്ടു നയമാണ്. മറ്റു ചിലർക്ക് സൗജന്യ നിരക്കിൽ എക്സിബിഷൻ ഗ്രൗണ്ട് നൽകുന്നു. ഒരാളെ തെരഞ്ഞ് പിടിച്ചു ദ്രോഹിക്കുകയാണ് ബോർഡ്. മന്ത്രിമാരോട് കാര്യങ്ങൾ ധരിപ്പിച്ചു. സർക്കാർ വേണ്ട രീതിയിൽ ഇടപെടാമെന്ന് അറിയിച്ചുവെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

Back to top button
error: