CrimeNEWS

വിവാഹവാഗ്ദാനം നല്‍കി ആഭരണം തട്ടി; ‘കിങ്ങിണി’യെ പൊക്കിയത് മൂന്നാംഭാര്യയുടെ വീട്ടില്‍നിന്ന്

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയിലായി. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ (കിങ്ങിണി നാസറിനെ -44) നെയാണ് കാളികാവ് പോലീസ് പിടികൂടിയത്. ചോക്കാട് മാളിയേക്കല്‍ സ്വദേശിനിയുടെ മൂന്നു പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത് മുങ്ങി എന്ന പരാതിയിലാണ് നാസറിനെ അറസ്റ്റുചെയ്തത്.

വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍പ്പോയി പെണ്ണു കാണുകയും പിന്നീട് ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Signature-ad

മാളിയേക്കലിലെ യുവതിയുടെ കൈവശമുണ്ടായിരുന്ന മൂന്നുപവന്‍ മാലയാണ് നാസര്‍ കൈക്കലാക്കിയത്. നിക്കാഹ് ദിനത്തില്‍ അഞ്ചുപവന്‍ ആഭരണമാക്കി കൊണ്ടുവരാം എന്നു പറഞ്ഞാണ് പ്രതി കടന്നുകളഞ്ഞത്. ഒട്ടേറെ സ്ത്രീകള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്.

സ്ത്രീകളെ കബളിപ്പിച്ച് ആഭരണം കൈക്കലാക്കുന്നതിനു പുറമെ പണയസ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളിലും പ്രതി തട്ടിപ്പു നടത്തിയിട്ടുണ്ട്. പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്കെതിരേ മലപ്പുറം, പാലക്കാട് ജില്ലകളിലായി കേസുകളുണ്ട്.

നിലവില്‍ പയ്യന്നൂര്‍, പട്ടാമ്പി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമുണ്ട്. കരുവാരക്കുണ്ടിലുള്ള മൂന്നാംഭാര്യയുടെ വീട്ടില്‍വെച്ചാണ് പ്രതി പിടിയിലായത്. പ്രതി നിരവധി ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മാനഹാനി ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുന്നതാണ് തട്ടിപ്പു തുടരാന്‍ സഹായകമാകുന്നതെന്നും കാളികാവ് എസ്.ഐ. ശശിധരന്‍ വിളയില്‍ പറഞ്ഞു.

തട്ടിപ്പ് വ്യാപകമായതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം പ്രത്യേകഅന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: