ശ്രീനഗർ: ജമ്മുകാശ്മീരിലെ രജൗരിയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 3 സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്.
രാജ്യത്തെ ഞെട്ടിച്ച് ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം. വൈകീട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.
ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയിൽ ജമ്മുകാശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് തെരച്ചിലും തുടരുകയാണ്.