കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിനേഷന്‍ കുത്തിവെയ്പ് ഒന്നാം ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് രാജ്യം. രാജ്യത്ത് നാലാഴ്ച കൊണ്ട് ഒരു കോടി പേര്‍ക്ക് കുത്തിവെയ്പ് നടത്താനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന 1 കോടി പേരില്‍ ഉള്‍പ്പെടുന്നത്. പിന്നീട് മാത്രമാണ് പോലീസ്, വിവിധ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക. എന്നാല്‍ വാക്‌സിന്‍ വിതരണത്തിന്റെ ആദ്യദിനമായ ഇന്നലെ തന്നെ വാക്‌സിന്‍ സ്വീകരിക്കുവാന്‍ തെലുങ്കാന ആരോഗ്യമന്ത്രി ഇ.രാജേന്ദറിന്റെ ശ്രമം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.
സംഭവം വിവാദമായപ്പോള്‍ ജനങ്ങള്‍ക്ക് ധൈര്യം പകരാന്‍ വേണ്ടിയാണ് താന്‍ വാക്‌സിന്‍ സ്വീകരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംഭവം വിവാദമായതോടെ കേന്ദ്രം ഇടപെടുകയായിരുന്നു. ഒടുവില്‍ കേന്ദ്ര നിര്‍ദേശം കര്‍ശനമായി ലഭിച്ചതോടെ വാക്‌സിനേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് മടങ്ങാനേ മന്ത്രിക്ക് കഴിഞ്ഞുള്ളു. ശുചീകരണ തൊഴിലാളിയായ കൃഷ്ണമ്മയാണ് ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിമാരുമായുള്ള കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ജനപ്രതിനിധികളെയും കോവിഡ് പോരാളികളായി പരിഗണിക്കണെന്ന് ബീഹാര്‍, ഒഡിഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം തയ്യാറായിരുന്നില്ല