കോവിഡ് മഹാമാരി ഏറ്റവുമധികം തളര്‍ത്തിയ വിഭാഗങ്ങളിലൊന്നായിരുന്നു കേരളത്തിലെ ചലച്ചിത്ര വ്യവസായം. നിര്‍മ്മാണവും പ്രദര്‍ശനവുമൊക്കെ നിലച്ച് തീയേറ്ററുകള്‍ മാസങ്ങളോളം അടഞ്ഞു കിടന്നു. സാമ്പത്തികമായും മാനസികമായും ചലച്ചിത്രമേഖല ഒന്നാകെ തകര്‍ന്ന് തുടങ്ങിയ സമയത്താണ് തീയേറ്റര്‍ തുറക്കാം എന്ന അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വിജയ് നായകനായി അഭിനയിച്ച മാസ്റ്റര്‍ 13-ാം തീയതി തീയേറ്ററിലെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തിയേറ്റര്‍ തുറന്നാല്‍ ജനങ്ങള്‍ക്ക് ചിത്രം കാണാന്‍ തീയേറ്ററിലേക്ക് എത്തുമോ എന്ന സംശയത്തെ മാറ്റിയിരിക്കുകായാണ് മാസ്റ്ററിന് ലഭിച്ച വരവേല്‍പ്പ്.
മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങളും തീയേറ്ററിലേക്ക് എത്തിത്തുടങ്ങാന്‍ ധാരണ ആയിട്ടുണ്ട്. ജയസൂര്യ നായകനായെത്തുന്ന വെള്ളം ആണ് കോവിഡിന് ശേഷം ആദ്യമായി തീയേറ്റര്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം. വെള്ളത്തിന് പിന്നാലെ 20 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് സജ്ജമാണെന്ന് തീയേറ്ററുകളെ അറിയിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി റിലീസ് ചെയ്യാന്‍ സാധിക്കുന്ന സിനിമകളുടെ ലിസ്റ്റ് ഫിലിം പ്രൊഡ്യൂസേഴ്്സ് അസോസിയേഷന് തീയേറ്ററുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. മമ്മുട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് അടക്കം റിലീസിന് തയ്യാറാണ്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മാര്‍ച്ച് 26 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍ഗണന ക്രമത്തില്‍ തയ്യാറാക്കിയ പട്ടികയാണെങ്കിലും ചിത്രങ്ങളുടെ തീയേറ്റര്‍ റെസ്പോണ്‍സ് അനുസരിച്ച് റിലീസ് തീയതിയില്‍ മാറ്റം വരാനും സാധ്യതയുണ്ട്.