പത്തനംതിട്ട: ക്രിസ്തുമസ് ആയതോടെ കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില.കഴിഞ്ഞയാഴ്ച്ച 80 രൂപയിൽ ലഭിച്ചിരുന്ന ഒരു കിലോ കോഴിയിറച്ചിക്ക് ഇന്നലെ 130 രൂപയായിരുന്നു മിക്കയിടത്തും.
ഒരാഴ്ച കൊണ്ട് വിലയിലുണ്ടായത് 50 രൂപയുടെ വർദ്ധന.വരും ദിവസങ്ങളിൽ കോഴിയിറച്ചിക്ക് ഇനിയും വില വർധിക്കാനാണ് സാധ്യത.
മണ്ഡലകാലം ആരംഭിക്കുമ്പോൾ വില കുറയ്ക്കുന്ന തമിഴ്നാടൻ ലോബി ക്രിസ്മസ്, പുതുവത്സര സീസൺ മുന്നിൽക്കണ്ട് വില കൂട്ടിയതാണ് കേരളത്തിലെ ഇപ്പോഴത്തെ കോഴി വില വർധനയ്ക്ക് പിന്നിൽ.
പ്രതിദിനം 12 ലക്ഷം കിലോ ആവശ്യമുള്ള കേരളത്തിലെ ഇറച്ചിക്കോഴി വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. കൊത്തുമുട്ടയും കോഴിമുട്ടയും കോഴിത്തീറ്റയുമെല്ലാം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്.
കഴിഞ്ഞ വർഷം ക്രിസ്തുമസിന് 170ന് മുകളിലായിരുന്നു കേരളത്തിൽ കോഴി വില.