ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുവാനെടുക്കുന്ന ദൂരവും സമയവും അനുസരിച്ച് അനുയോജ്യമായ കോച്ച് വേണം തിരഞ്ഞെടുക്കുവാൻ. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകുവാൻ സാധാരണ ജനറൽ കോച്ചിൽ ആയാലും വലിയ കുഴപ്പമൊന്നുമില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ കേരളത്തിലെ ട്രെയിൻ യാത്രകൾ സുരക്ഷിതമാണുതാനും.
എന്നാൽ കേരളത്തിനു വെളിയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ കുറഞ്ഞത് സ്ലീപ്പർ കോച്ചെങ്കിലും യാത്രയ്ക്കായി തിരഞ്ഞെടുക്കണം. നോർത്ത് ഇന്ത്യയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ സ്ലീപ്പർ കോച്ച് പോലും ജനറൽ കോച്ചിനു സമാനമാക്കും അവിടത്തെ യാത്രക്കാർ.
ട്രെയിൻ യാത്രകൾക്കിടയിൽ പരമാവധി ലഗേജുകൾ കുറയ്ക്കുവാൻ ശ്രമിക്കുക. വിലപിടിപ്പുള്ള സാധനങ്ങൾ ഭദ്രമായി ലോക്ക് ചെയ്തു വെക്കുകയും വേണം. പണം സൂക്ഷിക്കുവാനായി പോക്കറ്റിലെ പഴ്‌സിനേക്കാൾ നല്ലത് ബെൽറ്റ് പോലെ അരയ്ക്ക് ചുറ്റും ധരിക്കുന്ന മണി പൗച്ച് ആണ്.ട്രെയിൻ യാത്രകൾക്കിടയിൽ ചിലപ്പോൾ കള്ളന്മാരുടെ കണ്ണുകൾ നിങ്ങളുടെ മേലാകാം. അതിനാൽ പരിസരം മറന്നു ഉറങ്ങാതിരിക്കുക. ലഗേജുകളിലും ഒരു ശ്രദ്ധ വേണം. പ്രത്യേകിച്ച് നിങ്ങളുടെ യാത്ര ഒറ്റയ്ക്കാണെങ്കിൽ.
ദീർഘദൂര യാത്രകളിൽ ബോറടി മാറ്റുവാൻ പരിചയമില്ലാത്ത സഹയാത്രികരോട് സംസാരിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ ഒരിക്കലും ആരെയും വിശ്വസിക്കുവാൻ പാടില്ല. ഭക്ഷണ സാധനങ്ങളോ വെള്ളമോ ആരിൽ നിന്നും സ്വീകരിക്കുവാൻ പാടില്ല. നിങ്ങൾക്ക് ആവശ്യമായ ലഘു ഭക്ഷണങ്ങളും വെള്ളവുമൊക്കെ കൂടെ കരുതുക. അല്ലെങ്കിൽ ട്രെയിനുകളിൽ വിൽക്കാൻ വരുന്നവരിൽ നിന്നും വാങ്ങുക.
കൂടുതൽ സുരക്ഷിതമാണെന്നു വിചാരിച്ച് സ്ത്രീകൾ വനിതാ കമ്പാർട്ട്മെന്റ് തിരഞ്ഞെടുക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. വനിതാ കമ്പാർട്ട്മെന്റിനെക്കാളും കൂടുതൽ സുരക്ഷിതമായത് സാധാരണ കോച്ചുകൾ തന്നെയാണ്. ഇതൊക്കെ കേട്ടിട്ട് ട്രെയിനിൽ യാത്ര ചെയ്യുവാൻ പേടിയൊന്നും വിചാരിക്കേണ്ട. കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്ന് മാത്രം!