KeralaNEWS

സ്ത്രീധനത്തിന് ഒരു ഇരകൂടി, ഷഫ്‌ന കിണറ്റില്‍ മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍; അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

      കണ്ണുരില്‍ യുവതി വീട്ടുകിണറ്റില്‍ വീണുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. യുവതിയുടെ മരണം കൊലപാതമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നതോടെ ആഭ്യന്തര വകുപ്പ് കേസന്വേഷണം ലോകല്‍ പൊലീസില്‍ നിന്നും മാറ്റി ക്രൈംബ്രാഞ്ചിന് കൈമാറി. നേരത്തെ ചൊക്ലി പൊലീസ് നടത്തിയ കേസ് അന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഇനി അന്വേഷിക്കുക.

യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Signature-ad

തൊട്ടില്‍പ്പാലം സ്വദേശിയായ ഷഫ്നയെയാണ് (26) ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ ഷഫ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നു കുടുംബം ആരോപിച്ചു. സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ഷഫ്നയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചതായി ഒരിക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഷഫ്നയുടെ പോസ്റ്റ്മോര്‍ടം റിപ്പോർട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു കുടുംബം പരാതി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പ് രാവിലെ 9 മണിയോടെയാണ് ഷഫ്‌നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഭര്‍ത്താവിനോടും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പെരിങ്ങത്തൂരില്‍ എക്‌സ്‌പോ കണ്ടു മടങ്ങിയെത്തിയ ഷഫ്‌നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പാനൂരില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അഞ്ചുവര്‍ഷം മുന്‍പായിരുന്നു ഷഫ്‌നയുടെ വിവാഹം. നാലുവയസ്സുള്ള മകളുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് മരണത്തിന് ഒരാഴ്ച മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. അബൂബക്കര്‍ – ഫാത്വിമ ദമ്പതികളുടെ മകളാണ് ഷഫ്‌ന.

Back to top button
error: