കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസിക വിഷമം താങ്ങാനാവാതെയാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തത്.
കക്ഷികള്‍ക്കിടയില്‍ വിവാഹാലോചന മാത്രമാണ് നടന്നതെന്ന് റുവൈസിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്ന് റുവൈസിന്റെ പിതാവ് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാന്‍ ഷഹന തയ്യാറായിരുന്നില്ല. പിതാവിന്റെ നിര്‍ദേശം സ്വീകരിക്കാതെ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്.
സ്ത്രീധനമായി തുക വാങ്ങുകയോ വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഇരയോ അവളുടെ ബന്ധുക്കളോ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഇല്ല. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ഇക്കാരണങ്ങളുടെ പേരിലാണ് ഈ കേസില്‍ കുടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും റുവൈസ് ജാമ്യാപേക്ഷയില്‍ പറയുന്നു. റുവൈസിനെ കോളജില്‍ നിന്ന് നോട്ടീസ് നല്‍കാതെയും കേള്‍ക്കാതെയും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചില്ലെങ്കില്‍ ഭാവി നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ആത്മഹത്യ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടതിന് പിഴ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്. റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഡിസംബര്‍ 20ന് അപേക്ഷ വീണ്ടും പരിഗണിക്കും. കേസിലെ രണ്ടാം പ്രതി റുവൈസിന്റെ പിതാവിന് പ്രായം പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.