KeralaNEWS

നിയമസഭ കയ്യാങ്കളി കേസ്: നാല് മുന്‍ യുഡിഎഫ് എംഎല്‍എമാരെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാര്‍. 4 മുന്‍ യുഡിഎഫ് എംഎല്‍എമാരെ കേസില്‍ പ്രതി ചേര്‍ത്തു. എല്‍ഡിഎഫിന്റെ നാട്ടിക എംഎല്‍എ ആയിരുന്ന ഗീതാഗോപിയുടെ പരാതിയില്‍ യുഡിഎഫ് എംഎല്‍എമാരായിരുന്ന ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എം.എ.വാഹിദ്, എ.ടി.ജോര്‍ജ് എന്നിവരെ പ്രതികളാക്കി കേസ് റജിസ്റ്റര്‍ ചെയ്തു.

ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരുമാസം മുന്‍പ് മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് രണ്ടു ദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. 2015 മാര്‍ച്ച് 13ന് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് മുന്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ ശിവദാസന്‍ നായര്‍ ഗീതാഗോപിയെ ബോധപൂര്‍വം തള്ളി താഴെയിട്ടെന്നും, മറ്റു മൂന്നു പേരും ചേര്‍ന്ന് ഗീതയെ തടഞ്ഞു വച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. വീഴ്ചയില്‍ ഗീതാഗോപിയുടെ നടുവിനു ക്ഷതമേറ്റെന്നും എഫ്‌ഐആറില്‍ പറയുന്നു.

Signature-ad

കയ്യാങ്കളിയെ തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍ഡിഎഫ് നേതാക്കളെ പ്രതിചേര്‍ത്തിരുന്നു. മന്ത്രി വി.ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് പ്രതികള്‍. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍നിന്ന് ഒഴിവാക്കാന്‍ സുപ്രീംകോടതിവരെ പോയെങ്കിലും വിചാരണ നേരിടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്, യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കേസില്‍ തുടരന്വേഷണം നടത്തി 4 എംഎല്‍എമാരെ പ്രതിചേര്‍ത്തിരിക്കുന്നത്.

 

Back to top button
error: