മുംബൈ: സി.ഐ.ഡി, തേരേ ഇഷ്ഖ് മേം ഘയല് തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതിയാര്‍ജിച്ച നടിയാണ് വൈഷ്ണവി ധന്‍രാജ്. കഴിഞ്ഞദിവസം എക്സില്‍ വൈഷ്ണവി പോസ്റ്റ് ചെയ്ത വീഡിയോ ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. മുഖത്ത് മുറിവുകളോടെയായിരുന്നു നടി പ്രത്യക്ഷപ്പെട്ടത് എന്നതായിരുന്നു അതിന് കാരണം.
തന്നെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുന്നുവെന്നും ഈ വീഡിയോ കാണുന്ന ആരെങ്കിലും തന്നെ ഈ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്നുമാണ് വീഡിയോയില്‍ വൈഷ്ണവി പറയുന്നത്. ഇതിനൊപ്പം മുഖത്തേറ്റ മുറിവുകളുടെ അടയാളങ്ങളും അവര്‍ കാണിക്കുന്നുണ്ട്. വീട്ടുകാരുടെ മര്‍ദനത്തിന്റെ ഫലമായുണ്ടായതാണ് മുറിവുകളെന്നും അവര്‍ ആരോപിക്കുന്നു.
”ഹായ്, ഇത് വൈഷ്ണവി ധനരാജ്. എനിക്ക് ഇപ്പോള്‍ ശരിക്കും സഹായം ആവശ്യമാണ്. ഞാന്‍ കാഷിമിറ പോലീസ് സ്റ്റേഷനിലാണ്, എന്റെ വീട്ടുകാര്‍ എന്നെ അപമാനിക്കുകയും വളരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നും സിനിമാ-സീരിയല്‍ മേഖലകളിലെ എല്ലാവരില്‍ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ.” വൈഷ്ണവി വീഡിയോയില്‍ പറയുന്നു.
2016-ല്‍ നടന് നിതിന്‍ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. എന്നാല്‍, ഗാര്‍ഹിക പീഡനങ്ങളുടെ ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ കാരണം നിതിനുമായി വിവാഹമോചനം നേടിയതായി നേരത്തെ ഒരു അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു.