IndiaNEWS

മുണ്ടിനീര് ഗുരുതര പകർച്ചവ്യാധി: ബധിരത മുതൽ വന്ധ്യത വരെ ബാധിക്കാം;   രാജ്യമാകെ പടരുന്ന ഈ അണുബാധയുടെ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയുക

     ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം വ്യാപകമായി മുണ്ടിനീർ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന, മുഖത്തും കഴുത്തിലും വീക്കവും വേദനയും ഉണ്ടാക്കുന്ന, പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ് ഇത്. മസ്തിഷ്കരോഗമായ മെനിഞ്ചൈറ്റിസ്, ബധിരത, വൃഷണങ്ങളിലോ അണ്ഡാശയത്തിലോ ഉള്ള വീക്കം തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകും ഈ രോഗം.

രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മുണ്ടിനീർ എളുപ്പത്തിൽ പടരുന്നു. മുണ്ടിനീര് പൊട്ടിപ്പുറപ്പെടുന്നത് അസാധാരണമല്ലെങ്കിലും, രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രതിരോധ കുത്തിവയ്പ്പുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. 90 ശതമാനം രോഗവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗത്തിന്റ ഇൻകുബേഷൻ കാലയളവ് 10-14 ദിവസമാണ്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. എല്ലാ മൂന്ന് ജോഡി ഉമിനീർ ഗ്രന്ഥികളെയും രോഗം ബാധിച്ചേക്കാം

Signature-ad

രോഗ ലക്ഷണങ്ങള്‍

ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് പകരുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടും. വിശപ്പില്ലായ്മയും ക്ഷീണവും ആണ് മറ്റു ലക്ഷണങ്ങള്‍.

പ്രതിരോധിക്കാം

പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കും. രോഗ ലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകുതിന് വളരെ സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമാകാൻ സാധ്യതയുണ്ട്.

അസുഖം പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവർ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ പുറത്ത് വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. സാധാരണയായി ഒന്നോ – രണ്ടോ ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്. പ്രതിരോധ കുത്തിവെപ്പ് ഈ രോഗ നിയന്ത്രണത്തിന്  ലഭ്യമാണ്.

Back to top button
error: