IndiaNEWS

ധോണിയുടെ കോടതിയലക്ഷ്യ ഹര്‍ജി; ഐ.പി.എസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ്

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിങ് ധോണി സമര്‍പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെ 15 ദിവസം തടവിന് ശിക്ഷിച്ച് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ എസ്.എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഐ.പി.എസുകാരനായ ജി.സമ്പത്ത് കുമാറിനെ തടവിന് ശിക്ഷിച്ചത്.

വിധിക്കെതിരെ സമ്പത്തിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനായി ശിക്ഷനടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഇതിനായി സമ്പത്ത് കുമാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കുമെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു ധോണിയുടെ പരാതി.

Signature-ad

ഐ.പി.എല്‍ വാതുവെപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമ്പത്തിനെതിരെ ധോണി മാനനഷ്ടകേസ് കൊടുത്തിരുന്നു. തുടര്‍ന്ന് സമ്പത്ത് കുമാര്‍ എഴുതിനല്‍കിയ വിശദീകരണത്തില്‍ ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ധോണിയുടെ പരാതി. ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പി.ആര്‍. രാമന്‍ മുഖേനയാണ് ധോണി കേസ് ഫയല്‍ചെയ്തത്.

ജി.സമ്പത്ത് കുമാറിന്റെ മറുപടി കോടതി നടപടികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ, അഡ്വക്കറ്റ് ജനറല്‍ ആര്‍.ഷണ്‍മുഖസുന്ദരമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ ധോണിക്ക് അനുമതിനല്‍കിയത്.

Back to top button
error: