തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്നു രാജി വയ്ക്കേണ്ട ഒരു കാര്യവും ഇപ്പോള്‍ ഇല്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമിയില്‍ തനിക്കെതിരെ ഭരണസമിതി അംഗങ്ങളുടെ സമാന്തര യോഗം നടന്നിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്തെന്ന് വാര്‍ത്തകളില്‍ കണ്ട മൂന്നു പേര്‍ ഇതിനകം അക്കാദമിയുമായി ബന്ധപ്പെട്ടു. കുക്കു പരമേശ്വരന്‍, സോഹന്‍ സീനുലാല്‍, സിബി തോമസ് എന്നിവര്‍ നേരിട്ടോ ഓണ്‍ലൈന്‍ ആയോ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് അറിയിച്ചത്. അക്കാദമിക്കെതിരെയോ ചെയര്‍മാനെതിരെയോ പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. – രഞ്ജിത്ത് പറഞ്ഞു. രാജിവയ്ക്കുമെന്നാണല്ലോ അറിയുന്നതെന്നു മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ‘ഞാന്‍ രാജിവയ്ക്കണോ’ എന്ന മറുചോദ്യമായിരുന്നു രഞ്ജിത്തിന്റെ മറുപടി. ഇക്കാര്യം ചെയര്‍മാന്‍ ചിരിച്ചു തള്ളുകയും ചെയ്തു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞു.
ഡോ. ബിജുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രഞ്ജിത്ത് ടെലിവിഷന്‍ ചാനലിനോടു നല്‍കിയ വിശദീകരണം ഇങ്ങനെ: ”അക്കാദമി ചെയര്‍മാന്റെ കസേരയിലോ ഓഫീസിലോ ഇരുന്നല്ല അഭിപ്രായം പറഞ്ഞത്. എന്റെ വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമായിരുന്നു അത്.
വീടിന്റെ വാതില്‍ ഞാന്‍ അടയ്ക്കാറില്ല. പത്രക്കാര്‍ വന്നപ്പോള്‍ സൗഹാര്‍ദത്തില്‍ സംസാരിച്ചു. ആ അഭിമുഖത്തില്‍ ശരിയായി വസ്ത്രംപോലും ധരിച്ചിരുന്നില്ല. എന്റെ പഴയകാല സിനിമകളെപ്പറ്റി ചോദ്യമുണ്ടായപ്പോള്‍, ചലച്ചിത്ര മേളയെപ്പറ്റി ചോദിക്കൂവെന്നു പറഞ്ഞിരുന്നു. ഡോ.ബിജുവിനെ കുറിച്ച് പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണ്. ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ല” – രഞ്ജിത് വ്യക്തമാക്കി.