ആലപ്പുഴ: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. വിധി ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ നവകേരള സദസ്സ് യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. വിധി ഗൗരവമായി പരിശോധിക്കും. ആവശ്യമായ തുടര്‍നടപടികളുണ്ടാകും. അപ്പീല്‍ പോകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി വന്ന കാര്യങ്ങള്‍ ഗൗരവമായിട്ടെടുക്കും” -മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഭാവിവികസനത്തെ തടയുന്നതിനുള്ള നീക്കങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നേരിടണം. ഇതുമായി സഹകരിക്കണമെന്ന് തങ്ങള്‍ പ്രതിപക്ഷത്തോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതിന്റെ ഭാഗമായി ഏതെങ്കിലും ചര്‍ച്ചകള്‍ക്കോ മറ്റോ സര്‍ക്കാര്‍ തയ്യാറുമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് മാറുന്നതിന് ഏത് രീതിയിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാരിന് മടിയില്ല. നാടിനെതിരായിട്ടുള്ള നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്. നാടിനെ പുരോഗതിയിലേക്ക് നയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പാലായില്‍ നടന്ന നവകേരള സദസ്സ് വേദിയില്‍വെച്ച് കോട്ടയം എംപി തോമസ് ചാഴിക്കാടനെ പരിഹസിച്ചതുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതികരിച്ചു. ആരേയും അപമാനിക്കലോ ആരേയും ബഹുമാനിക്കലോ അല്ല ഉണ്ടായത്. കാര്യങ്ങള്‍ വിശദമായി പറയുകയാണുണ്ടായത്. നാട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കോട്ടയം എംപി എല്ലാ പരിപാടിയിലും ഉണ്ടായിരുന്നു. ഒരു പ്രശ്നവും അദ്ദേഹവും താനും തമ്മിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
നവംബര്‍ 18 ന് ആരംഭിച്ച നവകേരള യാത്ര പതിനൊന്നാമത്തെ ജില്ലയിലാണ് ഇന്നലെ കടന്നത്. വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയിരിക്കുന്നു. ഓരോ മണ്ഡല കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന ജനാവലി മാത്രമല്ല, വഴിയോരങ്ങളിലാകെ കാത്തുനിന്ന് അഭിവാദ്യം ചെയ്യുന്ന ആയിരങ്ങള്‍ ഇതില്‍ പങ്കാളികളാവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.