ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശിവ്‌രാജ് സിങ് ചൗഹാന് വികാരനിര്‍ഭരമായ യാത്രയയപ്പ്. തിങ്കളാഴ്ച ചൗഹാന്റെ വസതിയിലെത്തിയ വനിതകള്‍ പൊട്ടിക്കരഞ്ഞും അദ്ദേഹത്തെ കെട്ടിപ്പിടിച്ചുമാണ് സങ്കടം പങ്കുവെച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. താങ്കള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയരുതെന്നാണ് ചൗഹാനോട് ഇവര്‍ പറയുന്നത്. ‘നിങ്ങള്‍ എല്ലാവരേയും സ്‌നേഹിച്ചു, അതിനാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ടുചെയ്തു” എന്നായിരുന്നു കൂട്ടത്തിലെ മറ്റൊരു സ്ത്രീ പറഞ്ഞത്.
വനിതകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ലഡ്ലി ബഹ്ന യോജന എന്ന പദ്ധതി ചൗഹാനായിരുന്നു മധ്യപ്രദേശില്‍ അവതരിപ്പിച്ചത്. 1000 രൂപയായിരുന്ന സഹായം ഓഗസ്റ്റില്‍ 1250 ആക്കി ഉയര്‍ത്തി. ഈ പദ്ധതി അദ്ദേഹത്തെ ജനപ്രിയനാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ആളാണ് ശിവ്‌രാജ് സിങ് ചൗഹാന്‍. നാലുതവണകളിലായി 16 വര്‍ഷവും അഞ്ച് മാസവും നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഭരണം.
മോഹന്‍ യാദവാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍നിന്നുള്ള യാദവിനെ മുഖ്യമന്ത്രിയായി ബി.ജെ.പി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തത്. ശിവ്‌രാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്രസിങ് തോമര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗിയ തുടങ്ങിയ പ്രബല നേതാക്കളെ മറികടന്നാണ് യാദവിന് നറുക്ക് വീണത്.
മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍വിജയത്തിന്റെ പ്രധാന കാരണക്കാരന്‍ ചൗഹാനാണെന്ന വാദങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്നിരുന്നു.മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് രണ്ട് ദിവസം മുന്നോടിയായി എക്‌സില്‍ ‘ എല്ലാവര്‍ക്കും റാം റാം..’ എന്നാണ് ചൗഹാന്‍ കുറിച്ചത്. കൈകൂപ്പിയുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് ചൗഹാന്‍ അടുത്ത മുഖ്യമന്ത്രി ആകുന്നതിന് മുന്നോടിയായുള്ള സൂചനയാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മുഖ്യമന്ത്രിപദത്തിലേക്ക് യാദവ് എത്തിയത്.