IndiaNEWS

പുലിയല്ല, പൂച്ചയെപ്പോലെ മുഖം: ‘ചുവന്ന പാണ്ട’ ലോകത്തിലെ ഏറ്റവും സുന്ദരിയായ മൃഗം, ശത്രുക്കളെ വിറപ്പിക്കും ഇതിന്റെ രൂപമാറ്റം; വൈറലായ വീഡിയോ കാണാം

    ചുവന്ന-തവിട്ട് രോമങ്ങളും വൃത്താകൃതിയിലുള്ള മുഖവും വലിയ കണ്ണുകളുമുള്ള ‘ചുവന്ന പാണ്ട’ ലോകത്തിലെ ഏറ്റവും മനോഹരമായ മൃഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആകർഷകമായ രൂപമാണ് ഇതിന്റെ  പ്രത്യേകത. പൂച്ചയെപ്പോലെയുള്ള മുഖം കാരണം റെഡ് ക്യാറ്റ് ബിയർ എന്നും അറിയപ്പെടുന്നു. പൂച്ചയേക്കാള്‍ അല്പം കൂടി വലുപ്പമുള്ളവയാണ് ‘ചുവന്ന പാണ്ട’.

Signature-ad

ഇപ്പോഴിതാ ‘ചുവന്ന പാണ്ട’യുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൂട്ടിൽ നിന്നിറങ്ങി വന്ന ‘ചുവന്ന പാണ്ട’ ഒരു പാറക്കൂട്ടത്തിൽ എന്തോ കണ്ട് ഞെട്ടി ജീവൻ രക്ഷിക്കാൻ പ്രതിരോധം തീർക്കുന്നു. ശരീരം സ്വയം വലുതായി തോന്നിപ്പിക്കുക എന്ന തന്ത്രമാണ് ഇവ പയറ്റുന്നത്. ഇതിനായി പിൻകാലുകളിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം.

മരങ്ങളിൽ കയറുകയും ഊഞ്ഞാലാടുകയും ഉറങ്ങുകയും ചെയ്യുന്നതാണ് ‘ചുവന്ന പാണ്ട’യുടെ വിനോദം. ജീവിതത്തിന്റെ ഭൂരിഭാഗവും മരങ്ങളിൽ ചിലവഴിക്കുന്നു. ഉയരമുള്ള മരങ്ങളിൽ നിന്ന് കയറാനും ഇറങ്ങാനും അവക്ക് അത്ഭുതകരമായ കഴിവുണ്ട്. ‘ചുവന്ന പാണ്ട’കൾ മുള തിന്നുന്നതിനാൽ അവർ മുള മരങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയില്‍ കിഴക്കന്‍ ഹിമാലയന്‍ ഭാഗങ്ങളിലും, ചൈനയിലും ഭൂട്ടാനിലും നേപ്പാളിലും ഇവയെ കാണാം. ജലസ്രോതസുകള്‍ക്ക് സമീപമുള്ള ഇടതൂര്‍ന്ന മുളങ്കാടുകളിലാണ് പ്രധാനമായും വിഹരിക്കുന്നത്. മുളങ്കൂമ്പാണ് ഇഷ്ട ഭക്ഷണം. പഴങ്ങളും പൂക്കളും പക്ഷികളുടെ മുട്ടയും ഷഡ്പദങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കാറുണ്ട്.

അപകടകരമായ മൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവ വിചിത്രമായ രീതികൾ സ്വീകരിക്കുന്നു. അതിശയകരമായ പ്രതിരോധ സംവിധാനമുണ്ട് ‘ചുവന്ന പാണ്ട’കൾക്ക്. അപകടമുണ്ടായാൽ, പിൻകാലുകളിൽ നിൽക്കുന്നു, അങ്ങനെ ശത്രുവിന്റെ മുന്നിൽ വലുതായി കാണപ്പെടും. കൂടാതെ, ഭയപ്പെടുത്താൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനും കഴിയും. ഒപ്പം, ‘ചുവന്ന പാണ്ട’കൾക്ക് പ്രത്യേക ഗന്ധം പുറപ്പെടുവിക്കാനുമാവും. ശരാശരി ആയുസ് എട്ട് മുതൽ 10 വയസ് വരെയാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ‘ചുവന്ന പാണ്ട’കളെ വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കുന്നു. ഇവയെ വീടുകളിൽ വളർത്തുമൃഗങ്ങളാക്കുന്നത് നിയമവിരുദ്ധമാണ്.

Back to top button
error: