CrimeNEWS

‘എഫ്ബി കാമുകന്റെ’ നിര്‍ദേശപ്രകാരം ക്രൂരകൃത്യം; കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ വിചാരണ ഇന്നുമുതല്‍

കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ട നവജാതശിശു മരിച്ച കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ഇന്ന് തുടങ്ങും. ജഡ്ജി പി.എന്‍.വിനോദ് വാദം കേള്‍ക്കും. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിള രേഷ്മയാണ് പ്രതി. കരുതിക്കൂട്ടിയുള്ള കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2021 ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് ജനിച്ച് അധികസമയമാകാത്ത ആണ്‍കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ അവശനിലയില്‍ കണ്ടത്. പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്തനിലയിലായിരുന്നു. രേഷ്മയ്ക്കും ഭര്‍ത്താവിനും മൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. രണ്ടാമതൊരു കുഞ്ഞുകൂടിയുണ്ടെങ്കില്‍ സ്വീകരിക്കാനാകില്ലെന്ന് ഫെയ്സ്ബുക്കിലെ കാമുകന്‍ പറഞ്ഞതിനാല്‍ ഗര്‍ഭിണിയായ വിവരം രേഷ്മ എല്ലാവരില്‍നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു.

Signature-ad

2021 ജനുവരി നാലിന് രാത്രി ഒന്‍പതോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ പ്രസവിച്ച രേഷ്മ സമീപത്തെ റബര്‍തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിടുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ചു. അതിനുശേഷം പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. പുലര്‍ച്ചെ കണ്ടെത്തിയശേഷം കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്നു കണ്ടെത്തിയത്.

ഫെയ്സ്ബുക്കിലെ വ്യാജ പ്രൊഫൈല്‍ വഴി രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത് ഭര്‍ത്താവിന്റെ സഹോദരഭാര്യയും സഹോദരിപുത്രിയുമായിരുന്നു. രേഷ്മയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇവര്‍ ഇത്തിക്കരയാറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. രേഷ്മയുടെ ഭര്‍ത്താവുള്‍പ്പെടെ 54 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍, ചേതന ടി.കര്‍മ്മ എന്നിവര്‍ ഹാജരാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: