HealthLIFE

നിങ്ങൾ വീട്ടിൽ പൂച്ചകളെ വളർത്തുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക് ഈ രോഗത്തിന് സാധ്യത; പുതിയ പഠനം പറയുന്നത്…

മൃഗങ്ങളോട് വളരെയധികം സ്നേഹവും കരുണയും വച്ചുപുലർത്തുന്നവരുണ്ട്. ചിലർ ഈ മൃഗസ്നേഹത്തിൻറെ പേരിൽ ഇവയെ വളർത്തുന്നതിലേക്കും തിരിയാറുണ്ട്. ഇങ്ങനെ പൂച്ചകളെയും നായ്ക്കളെയും അടക്കമുള്ള മൃഗങ്ങളെയും ജീവികളെയും വീട്ടിൽ വളർത്തുന്നവർ നിരവധിയാണ്. ഇവർക്കെല്ലാം തന്നെ വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കും വളർത്തുമൃഗങ്ങൾ. തങ്ങളുടെ കുടുംബത്തിലാർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ എത്രമാത്രം ദുഖം തോന്നും, എത്ര ശ്രദ്ധ നൽകും- അതുപോലെ തന്നെ വളർത്തുമൃഗങ്ങളെയും പരിഗണിക്കുന്നവർ.

എന്നാൽ ചിലപ്പോഴെങ്കിലും മൃഗങ്ങളുമായുള്ള സഹവാസം നല്ലതല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നാം കേൾക്കാറുണ്ട്. മൃഗസ്നേഹികളായ മനുഷ്യർക്ക് ഇത് അംഗീകരിക്കാവുന്നതല്ലെങ്കിൽ കൂടിയും ഇങ്ങനെയുള്ള ഗവേഷണങ്ങളും റിപ്പോർട്ടുകളും വരുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇപ്പോഴിതാ സമാനമായ രീതിയിൽ പൂച്ചകളെ വളർത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച് പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്‍ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. മുമ്പേ നടന്നിട്ടുള്ള പതിനേഴോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകർ തങ്ങളുടെ പഠനം നടത്തിയിരിക്കുന്നത്.

Signature-ad

പൂച്ചകളെ വളർത്തുന്നവരെ ബാധിക്കാനിടയുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം എന്നതായിരുന്നു ഇവരുടെ ഗവേഷണ വിഷയം. പൂച്ചയെ വളര‍ത്തുന്നവരിൽ സ്കിസോഫ്രീനിയ എന്ന ഗുരുതരമായ മാനസികാരോഗ്യപ്രശ്നം കാണാൻ ഇരട്ടി സാധ്യതയുണ്ടെന്ന നിഗമനത്തിലേക്കാണ് ഒടുവിൽ ഇവരെത്തിയിരിക്കുന്നത്. തലച്ചോറിനെ ബാധിക്കുന്നൊരു രോഗമാണിത്. ചിലരിൽ പാരമ്പര്യ ഘടകങ്ങളാണ് രോഗത്തിന് കാരണമാകുന്നതെങ്കിൽ. ചിലരെ ഇതിലേക്ക് എത്തിക്കുന്നത് അവരുടെ ചുറ്റുപാടുകളായിരിക്കും. എന്തായാലും സ്കീസോഫ്രീനിയയുടെ കൃത്യമായ കാരണം ഇതുവരേക്കും കണ്ടെത്തപ്പെട്ടിട്ടില്ല. ഇല്ലാത്ത കാഴ്ചകൾ അനുഭവപ്പെടുക, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക എന്നിങ്ങനെയെല്ലാമുള്ള ശക്തമായ പ്രശ്നങ്ങളാണ് സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങളായി വരുന്നത്. ഇതിന് കൃത്യമായ ചികിത്സ എടുക്കുന്നത് നിർബന്ധമാണ്.

അതേസമയം എന്തുകൊണ്ടാണ് പൂച്ചയെ വളർത്തുന്നവരിൽ ഈ രോഗത്തിന് സാധ്യത കൂടുന്നതെന്ന് വിശദീകരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. 44 വർഷങ്ങൾ കൊണ്ട് അമേരിക്ക, യുകെ തുടങ്ങി 11 രാജ്യങ്ങളിലായി നടന്നിട്ടുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി ചെയ്ത ഗവേഷണം എന്ന നിലയിൽ ഇതിന് വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. എങ്കിലും ഇനിയും ഈ വിഷയത്തിൽ കൂടുതൽ സൂക്ഷ്മമായ പഠനങ്ങൾ വരേണ്ടതുണ്ട് എന്നാണ് ഗവേഷകരുടെ ഭാഗം.

Back to top button
error: