KeralaNEWS

എന്താണ് തിരുപ്പതി മോഡല്‍ ക്യൂ…? ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പാക്കി വിജയിച്ച  ഇതെക്കുറിച്ച് കൂടുതല്‍ അറിയാം

    മാലയിട്ട് അയ്യനെ കാണാന്‍ വ്രതം നോറ്റ് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആശ്വാസമായി പുതിയ ക്യൂവിന്റെ പരീക്ഷണം. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയം കണ്ടിരിക്കുന്നു.

60000 ത്തിലധികം തീര്‍ഥാടകര്‍ എത്തുന്ന ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടതോടെ, ഇക്കുറി തീര്‍ഥാടനം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തിരക്ക് നിയന്ത്രിക്കാന്‍ തിരുപ്പതി മോഡല്‍ ക്യൂ നടപ്പിലക്കാന്‍ തീരുമാനിച്ചത്.

Signature-ad

സന്നിധാനത്തെ പൊലീസിന്റെ സന്ദേശത്തിന് അനുസരിച്ച് ക്യൂ കോംപ്ലക്‌സുകളില്‍ പരമാവധി ആളുകളെ എത്തിച്ച് മുന്നോട്ട് കടത്തി വിടുന്ന രീതിയാണ് പരീക്ഷിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി എഴുപതിനായിരത്തിലധികം ആളുകളാണ് പ്രതിദിനം ശബരിമല ദര്‍ശനം നടത്തുന്നത്. ഇതോടെയാണ് മരക്കൂട്ടത്തിനും ശരംകുത്തി ഇടയ്ക്കുള്ള ക്യൂ കോംപ്ലക്‌സുകളെ ഉപയോഗിക്കാന്‍ തുടങ്ങിയത്.

പുതിയ രീതി പ്രകാരം ക്യൂ കോംപ്ലക്‌സുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് അവിടെ നിന്ന് നിശ്ചിത എണ്ണം ആളുകളെയാണ് മുന്നോട്ട് കടത്തി വിടുന്നത്. ക്യൂ കോപ്ലക്‌സുകളില്‍ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി. വെള്ളവും ലഘുഭക്ഷണവും നല്‍കും. നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചു. ഓരോ ക്യൂ കോംപ്ലക്‌സുകളിലും എല്‍ഇഡി ഡിസ്‌പ്ലേകളുമുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

തിരക്ക് കൂടിയ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ബുദ്ധിമുട്ടായിരുന്നു തീര്‍ഥാടകര്‍ അനുഭവിച്ചത്. തിക്കിലും തിരക്കിലും പെടാതെ വിശ്രമിക്കാന്‍ അവസരം കിട്ടുന്നതോടെ തീര്‍ഥാടകര്‍ക്കും ആശ്വാസമാണ് പുതിയ രീതി.

Back to top button
error: