KeralaNEWS

ഡിസംബർ വന്നെത്തി; ക്രിസ്തുമസ് വരവറിയിച്ച് വിപണികൾ

ഡിസംബര്‍ എന്നു പറഞ്ഞാല്‍ തന്നെ മഞ്ഞും തണുപ്പും ക്രിസ്മസും ഒക്കെയാണ്.തണുപ്പും മഞ്ഞും ക്രിസ്മസിനെ വരവേല്‍ക്കാൻ തെളിയുന്ന നക്ഷത്രവിളക്കും അലങ്കാരങ്ങളുമെല്ലാം ചേരുമ്പോൾ അത് ഓരോ വീടിനും നാടിനും നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമാണ്.
ഡിസംബർ പിറന്നതോടെ  ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. വീടുകളിലും തെരുവുകളിലും നക്ഷത്രങ്ങൾ  മിഴി തുറന്നു. അലങ്കാര വിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും ഇനി  ആഘോഷത്തിന് കൂടുതൽ വർണശോഭ നൽകും. സ്നേഹവും സന്തോഷവും പകർന്നു ക്രിസ്മസ് പാപ്പമാർ തെരുവുകളിലും വീടുകളിലും സജീവമാകും അതെ,ഇനി ആഘോഷത്തിന്റെ പകലിരവുകളാണ്.
തെളിച്ചമുള്ള പകലുകളും പ്രഭാതങ്ങളിലെയും വൈകുന്നേരങ്ങളിലെയും തണുപ്പും നിശയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഉയരുന്ന മഞ്ഞുവീഴ്ചയുടെ താളാത്മകമായ ശബ്ദവും ഇലകൾ കൂമ്പിയടഞ്ഞു തുടങ്ങിയ മരങ്ങളുടെ ശിഖിരങ്ങൾക്കിടയിലൂടെ പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെട്ടവും ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളും..
ഓ.. ഡിസംബർ…!  നീ എത്ര മനോഹരിയാണ് !

ക്രിസ്മസിനേയും പുതുവർഷത്തേയും വരവേൽക്കാൻ വിപണി ഇത്തവണ നേരത്തെ തന്നെ ഉണർന്നു കഴിഞ്ഞു. കോവിഡ്‌ പ്രതിസന്ധികൾ മാറിയതിനാൽ വൻ കച്ചവട പ്രതീക്ഷയിലാണ്  വ്യാപാരികൾ. ഡെക്കറേഷൻ ലൈറ്റുകൾ, നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ, കേക്കുകൾ തുടങ്ങി ക്രിസ്മസിനേയും ന്യൂഇയർ ആഘോഷങ്ങളേയും വരവേൽക്കാനുള്ളതെല്ലാം വിപണിയിൽ വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്.

Signature-ad

ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും പുതിയ മോഡല്‍ നക്ഷത്രങ്ങള്‍, പേപ്പര്‍ സ്റ്റാറുകള്‍, വ്യത്യസ്ത മെറ്റീരിയലുകളിലുള്ള ക്രിബ്സെറ്റുകള്‍, വിവിധ വര്‍ണത്തിലുള്ള എല്‍ഇഡി ബള്‍ബുകള്‍ നിറഞ്ഞ ക്രിസ്തുമസ് ട്രീകള്‍, വര്‍ണ്ണശബളമായ എല്‍ഇഡി ബള്‍ബ് മാലകള്‍, അലങ്കാരവസ്തുക്കള്‍, ഡാൻസ് ചെയ്യുന്ന ഇലക്‌ട്രിക് സാന്താക്ലോസ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കടകളില്‍ നിറഞ്ഞിരിക്കുന്നത്.

നക്ഷത്ര വിളക്കുകളുടെ വിപണിയിൽ എൽ.ഇ.ഡി, നിയോൺ നക്ഷത്രങ്ങൾക്കും ചുവപ്പും വെള്ളയും ഇടകലർന്ന വാൽനക്ഷത്രങ്ങൾക്കുമാണ് ആവശ്യക്കാരുള്ളത്. കടലാസു കൊണ്ടുള്ള സാധാരണ നക്ഷത്ര വിളക്കുകൾ തേടിയെത്തുന്നവരുമുണ്ട്. ചെറിയ സൈസിലുള്ള 10 രൂപ വിലയുള്ളവ മുതൽ 1000 രൂപയുടെ വരെയുള്ള കടലാസ് നക്ഷത്രങ്ങളും, എൽഇഡി നക്ഷത്രങ്ങളും വിപണിയിലുണ്ട്.

റെഡിമെയ്ഡ് പുൽക്കൂടുകൾക്കുമുണ്ട് ആവശ്യക്കാർ. തടിയിലും മുളയിലും തീർത്ത പുൽക്കൂടുകളാണ് വിപണിയിലുള്ളത്. പ്ലാസ്റ്റർ ഒഫ് പാരീസ്, തെർമോക്കോൾ, ഈറ്റ, ചൂരൽ, ഹാർഡ്‌ബോർഡ് എന്നിവയ്ക്ക് പുറമെ ഫൈബറിൽ തീർത്ത പുൽക്കൂടുകളും സുലഭമാണ്.

ഇത്തവണ വൈവിധ്യമായത് ക്രിസ്മസ് ട്രീകളാണ്. റെഡിമെയ്ഡ് ക്രിസ്മസ് ട്രീകൾക്ക് 350 രൂപ മുതലാണ് വില. 3000 വരെ വിലയുള്ള ക്രിസ്മസ് ട്രീകൾ വിപണിയിലുണ്ട്. പ്ലാസ്റ്റിക്, ഫൈബർ നാരുകളിൽ തീർത്ത വെളുത്ത ക്രിസ്മസ് ട്രീയാണ് ഇത്തവണത്തെ താരം. ട്രീകൾക്കുള്ള അലങ്കാര വസ്തുക്കൾക്ക് പൊള്ളുന്ന വിലയാണ്. എന്നിരുന്നാലും ക്രിസ്മസ് ട്രീകൾ ഭംഗിയാക്കാൻ ക്രിസ്മസ് ബോളുകളും സമ്മാനപ്പൊതികളും മണികളും കുഞ്ഞു നക്ഷത്രവുമൊക്കെ തേടി ആളുകൾ എത്തുന്നുണ്ട്.

Back to top button
error: