Social MediaTRENDING

ഇസ്രായേലും കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും!

.വി. വിജയൻ ഇസ്രയേലിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗമാണ് താഴെ.. ഇന്നാകട്ടെ പത്രക്കാർക്ക് മാത്രമല്ല എഴുത്തുകാർക്കും ഈ വിഷയം പറയാൻ ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു . ഈ പുസ്തകം ഗൂഗിൾ ബുക്സിൽ വാങ്ങിക്കാൻ കിട്ടും ..!
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവിൽ വിഷവാതകച്ചൂളയുടെ രണ്ടാംപതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയിൽ രാപ്പകൽ തയ്യാറെടുപ്പിൽ മുഴുകിയിരിക്കുന്ന ഇസ്രായേൽ എന്ന കൊച്ചു രാഷ്ട്രം. ജോർദാനും, സൗദി അറേബ്യയും, സീനായിയും എല്ലംതന്നെ അറേബ്യയാണ്. ജർമനിയോ, സ്കാൻഡിനേവിയൻ രാജ്യങ്ങളോ ജൂതന്റെ ജന്മഭൂമിയല്ല. ജൂതന് ജന്മഭൂമി ജെറുസലേം (ഇസ്രായേൽ) മാത്രം. പലസ്തീനികളെ അസ്ത്രീകരിക്കുന്നതിനും, ഇസ്രയേലിനെതിരെ യുദ്ധങ്ങൾ സംവിധാനം ചെയ്യുന്നതിനും മുടക്കിയ മുതലിന്റെ ഒരു ഭിന്നിതം മാത്രം മതിയായിരുന്നു പലസ്തീനികളെ ജോർദാനിലോ, സീനായിലോ കുടിയിരുത്താൻ.
രണ്ടുകൊല്ലംമുൻപ് ഇസ്രായേലി പ്രശ്നത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രാധിപർക്ക് ഒരുകത്തും മലയാളത്തിൽ ഒരു ലേഖനവും എഴുതാൻ ഞാൻ  മുതിർന്നു. കത്ത് പത്രം പ്രസിദ്ധീകരിച്ചു. എന്നാൽ മലയാളത്തിലെ ലേഖനത്തിന് വിചിത്രമായ ഒരു സ്വീകരണമാണ് ലഭിച്ചത്.
എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുള്ള മാതൃഭൂമിയും, മനോരമയും അവരുടെ വാരികകളും  മറ്റു പ്രസിദ്ധീകരണങ്ങളും ഈ ലേഖനം തിരിച്ചയച്ചു. ഇടതുപക്ഷത്തിന്റെ ഔപചാരിക ബാധ്യതകളുള്ള കലാകൗമുദിയെപ്പോലുള്ള പത്രങ്ങൾക്ക് ഞാൻ ആ ലേഖനം അയച്ചുകൊടുക്കുവാൻ മിനക്കെട്ടില്ല. മാതൃഭൂമി വാരികയുടെ പത്രാധിപരായ നാരായണന്റെ ക്ഷമാപണരൂപത്തിലുള്ള നിരസനകുറിപ്പ് മറ്റുള്ളവയെ അപേക്ഷിച്ചു സത്യസന്ധമായിരുന്നു.
 ലേഖനം പ്രസിദ്ധപ്പെടുത്തിയാൽ മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങളെ ഗൾഫ്‌നാടുകളിൽ പരക്കെ നിരോധിക്കാൻ സാധ്യതയുണ്ടെന്ന ന്യായമായ ഭയമായിരുന്നു നാരായണന്റേത്.
ഫലം മധ്യപൗരസ്ത്യ ദേശത്തിലെ ഏറ്റവും സജീവമായ ഒരു പ്രശ്നത്തെ തുറന്നു ചർച്ച ചെയ്യാൻ കേരളത്തിലെ ഒരു പ്രസിദ്ധീകരണവും തയ്യാറില്ല. അത്തരമൊരു ചർച്ചയുടെ പഠനാനുഭവം മലയാളിക്ക് നിഷേധ്യം. കടലിനക്കരെ വാണരുളുന്ന അറബി അവന്റെ പണത്തിന്റെ തെമ്പിലും, അസഹിഷ്ണുതയിലും, വർഗീയതയിലും മലയാള പത്രങ്ങളെ സെൻസർ ചെയ്യുകയെന്ന അസ്സഹനീയമായ അവസ്ഥ എന്റെ ദേശാഭിമാനത്തിന് നോവേല്പിക്കുന്നു.
അറബികളെ രാഷ്‌ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രായേലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന രാഷ്ട്രീയ നിരക്ഷരതയിൽ ഇന്നും കുടുങ്ങികിടക്കുകയാണ് ശരാശരി മലയാളി.
പുരോഗമനത്തിന്റെയും പ്രതിലോമകതയുടെയും കാര്യം പറയുകയാണെങ്കിൽ, മറ്റൊരു തിക്തസത്യം നാം അംഗീകരിക്കേണ്ടിവരും. അറബിരാഷ്ട്രങ്ങളിൽ മിക്കവയും നിഷ്ടൂരങ്ങളായ രാജവാഴ്ചകളോ, ഫ്യൂഡൽ സംവിധാനങ്ങളോ, പട്ടാളഭരണങ്ങളോ ആണ്. ഇസ്രായേലാകട്ടെ സോഷ്യലിസവും, ജനാധിപത്യവും പ്രയോഗത്തിൽ വരുത്തിയിട്ടുള്ള ഒരു രാഷ്ട്രവും. ഓരോ പൗരന്റെയും ശ്രമത്തിലും, സഹനത്തിലും മാത്രം നിന്നുപോകുന്ന ഈ ചെറുരാഷ്ട്രത്തിന് ഒരു കുത്തകമുതലാളിത്തമായി വളരാൻ സാധ്യമല്ലെന്നതാണ് വാസ്തവം.”
ഒ വി വിജയൻ (കുറിപ്പുകൾ/അന്ധനും അകലങ്ങൾ കാണുന്നവനും)

Back to top button
error: