ക്രിസ്തുമസിന്റെ വേറിട്ട ആഘോഷവുമായി വയനാട്ടിലെ ഒരു ഗ്രാമം
ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിലാണ് ഈ ആഘോഷം .റെഡിമെയ്ഡ് നക്ഷത്രങ്ങള്‍ക്ക് പകരം പല തലമുറകളില്‍ പ്പെട്ടവര് ചേര്‍ന്ന് ഓട കൊണ്ടും കടലാസുകൊണ്ട് നിര്‍മ്മിച്ച 25 നക്ഷത്രങ്ങള്‍ കൊണ്ട് ദേവാലയങ്കണവും മനോഹരമാക്കിയിട്ടുണ്ട്. മാനന്തവാടി രൂപതക്ക് കീഴിലെ ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയില്‍ 25 യൂണിറ്റുകളാണുള്ളത്. ഡിസംബര്‍ ഒന്നുമുതല്‍ ഓരോ യൂണിറ്റിലും ഓരോ ദിവസം ക്രിസ്തുമസ് ആഘോഷം നടക്കും.
പ്രദേശത്തെ എല്ലാ മതവിഭാഗങ്ങളില്‍ പ്പെട്ടവരും പ്രദേശത്തെ ഒരു വീട്ടില്‍ ഒരുമിച്ചുകൂടി കലാപരിപാടികള്‍ അവതരിപ്പിച്ചും സ്നേഹ സന്ദേശം കൈമാറിയുമാണ് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. ഫാ.തോമസ് മുക്കാട്ടുകാവുങ്കലിൻ്റെയും ഇടവക ട്രസ്റ്റിമാരുടെയും നേതൃത്വത്തിലാണ് 25 ദിവസവും ക്രിസ്മസ് ആഘോഷം നടക്കുന്നത്. അതേ സമയം പരിസ്ഥിതി സൗഹൃദമായ മറ്റൊരു സന്ദേശം കൂടി ഇവര്‍ സമൂഹത്തിന് കൈമാറുന്നു. എല്ലാ തലമുറകളില്‍പ്പെട്ടവരും ചേര്‍ന്ന് വീടുകളില്‍ കടലാസുകൊണ്ടും തുണികള്‍ കൊണ്ടും ഓട കൊണ്ടും നിര്‍മ്മിച്ച വര്‍ണ്ണ മനോഹരമായ നക്ഷത്രങ്ങള്‍ കൊണ്ടാണ് ദേവാലായങ്കണം സുന്ദരമാക്കിയത്.
25 യൂണിറ്റുകളെയും ക്രിസ്തുമസ് കാലത്തെ 25 ദിവസത്തെയും അന്വര്‍ത്ഥമാക്കിയുള്ള 25 നക്ഷത്രങ്ങളുടെ ദൃശ്യ ഭംഗി കാണികള്‍ക്ക് നയനാനന്ദകരമാണ്. ആഘോഷത്തില്‍ പങ്കെടുത്തും നക്ഷത്രങ്ങളുടെ ഭംഗി ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച് ക്രിസ്തുമസിൻ്റെ സ്നേഹ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ചെന്നലോട് എന്ന ഈ ദേശം.