തലവടി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചക്കുളം മൂലേപ്പറമ്ബ് വീട്ടില്‍ സുനു (36), ഭാര്യ സൗമ്യ (31) ഇരട്ടകുട്ടികളായ ആദി, ആതില്‍ (മൂന്നര) എന്നിവരുടെ മൃതദേഹമാണ് ഒറ്റചിതയില്‍ അടക്കിയത്.
മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുതല്‍ നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലും വഴിയിലുമായി ഒരുനോക്കു കാണാനായി തടിച്ചു കൂടിയത്. തിരക്ക് മൂലം മണിക്കൂറുകള്‍ താമസിച്ചാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാനായി ആയിരക്കണക്കിനാളുകള്‍ വീട്ടിലും എത്തിയിരുന്നു.
മൃതദേഹങ്ങൾ പൊതുദര്‍ശനത്തിനായി തൊട്ടടുത്തുള്ള കുടുംബ വീട്ടില്‍ ഒരേപോലെ നിറമുള്ള വസ്ത്രം ധരിപ്പിച്ച് നിരത്തി കിടത്തിയപ്പോള്‍ ഒരുനോക്ക് കാണാന്‍ ആളുകളുടെ തിരക്ക് നിയന്ത്രണാധിതമായി.
ഇന്നലെ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് നാല് മണിയോടുകൂടി ആദ്യം പിതാവായ സുനുവിന്റെയും തുടര്‍ന്ന് മക്കളായ ആദിയുടെയും അതുലിന്റെയും അവസാനം മാതാവ് സൗമ്യയുടെയും മൃതദേഹം ചിതയില്‍ കിടത്തി. സുനുവിന്റെ സഹോദരന് സുജിത്തിന്റെ മകന് സൂര്യനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ആദിയുടേയും അതുലിന്റേയും മൃതദേഹം ചിതയില്‍ ലയിച്ച് ഇല്ലാതാകുന്നത് നൊമ്ബരകാഴ്ചയായതോടെ കണ്ടുനിന്നവർക്ക് കണ്ണീരടക്കാനായില്ല.