Social MediaTRENDING

ഇന്ത്യയിലെ മുസ്ലീങ്ങൾക്കുണ്ടായിരുന്ന പരിഗണന ‘ഭാരത’ത്തിൽ ഉണ്ടാവില്ല: ആബിദ് അടിവാരം എഴുതുന്നു

ത്തരാഖണ്ഡിൽ ടണൽ ഇടിഞ്ഞു കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രക്ഷിച്ചെടുത്തത് 17 ദിവസത്തിന് ശേഷമാണ്.
നവംബർ 12 നു രാവിലെ ആറു മണിക്ക്  അപകടം നടക്കുന്നു, ആ നിമിഷം മുതൽ രക്ഷാ പ്രവർത്തനവും നടക്കുന്നുണ്ട്.
തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ സ്ഥാപിക്കാൻ കഴിഞ്ഞുവെങ്കിലും രക്ഷാപ്രവർത്തനം നിരന്തരം തടസ്സപ്പെട്ടുകൊണ്ടിരിന്നു, ഇന്ത്യൻ നിർമിത ഡ്രില്ലിങ് മെഷിനുകൾ പരാജയപ്പെട്ടപ്പോൾ അമേരിക്കൻ ഡ്രില്ലിങ് മെഷിനുകൾ എത്തിച്ചു, ഏഴാം ദിവസം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സംഘമെത്തി,  കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി സ്ഥലത്തെത്തി നേതൃത്വം നൽകി. ഇന്ത്യൻ സൈന്യം സാങ്കേതിക സഹായത്തിനെത്തി.പക്ഷെ ഒരു പുരോഗതിയുമുണ്ടായില്ല,   .
ഒൻപതാം  ദിവസം ഓസ്‌ട്രേലിയയിൽ നിന്നുള്ള ടണൽ വിദഗ്ധൻ അർണോൾഡ് ഡിക്സ് സ്ഥലത്തെത്തി, പല തവണകളായി പല പരിശ്രമങ്ങൾ നടന്നു, തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ നടത്താനും അവർക്ക് ഭക്ഷണം നൽകാനും സാധിച്ചുവെന്നതിനപ്പുറം രക്ഷാ പ്രവർത്തനം മുന്നോട്ട് പോയില്ല. യന്ത്രങ്ങളും വിദഗ്ധരും പരാജയം സമ്മതിച്ചിടത്ത് വേറൊരു കൂട്ടർ രക്ഷാപ്രവർത്തനത്തിനെത്തി, റാറ്റ് ഹോൾ മൈനേഴ്സ്, എലികളെപ്പോലെ തുരക്കുന്ന സാധാരണ മനുഷ്യർ.
പതിനാറാം ദിവസം പണിക്കിറങ്ങിയ ആ മനുഷ്യർ പതിനേഴാം ദിവസം വിജയം കണ്ടെത്തി. 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി.
അടുത്ത നിമിഷം എന്താണ് നിങ്ങൾ പ്രതീക്ഷിക്കുക…
മീഡിയ ആ രക്ഷകരെ കൊണ്ടാടും. പ്രധാനമന്ത്രി അവരെ തോളിൽ തട്ടി അഭിനന്ദിക്കും, നാട് മുഴുവൻ അവർക്ക് അഭിനന്ദനം അർപ്പിച്ചു കൊണ്ട്  ഫ്ലെക്സ് ബോർഡുകൾ ഉയരും, സർക്കാർ അവാർഡുകളും ധനസഹായവും പ്രഖ്യാപിക്കും…. പക്ഷെ അതൊന്നുമുണ്ടായില്ല എന്ന് മാത്രമല്ല ദുരന്തം സംഭവിച്ചത്   മുതൽ രക്ഷാപ്രവർത്തനത്തിൻറെ അവസാന ലാപ് വരെ ടണലിന് സമീപം തുറന്നു വെച്ചിരുന്ന ദേശീയ മാധ്യമങ്ങളുടെ ക്യാമറകൾ പെട്ടെന്ന് മുഖം തിരിച്ചു.
അതിനൊരു കാരണം ഉണ്ടായിരുന്നു, ആ കാരണം അവരുടെ പേരുകളായിരുന്നു.
ഫിറോസ്, മുന്ന, റാഷിദ്, ഖുറൈശി, ഇർഷാദ്, നസീം, മോനു നസീർ, ഹസൻ…. ഹിന്ദുത്വ ഭാരതത്തിൽ കൊണ്ടാടപ്പെടാൻ അർഹതയില്ലാത്ത പേരുകൾ.
വാർത്ത കൊടുക്കേണ്ടി വന്ന സംഘപരിവാർ മാധ്യമങ്ങൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന സൗരഭിന്റെയും ദേവേന്ദറിന്റെയും പേരുകൾ മാത്രം കൊടുത്തു, മലയാളത്തിൽ ഇറങ്ങുന്ന മാതൃഭൂമിയാകട്ടെ ഭാരതത്തിന് അനുയോജ്യമായ പുതിയ കുറെ പേരുകൾ ‘വികസിപ്പിച്ചെടുത്തു. പ്രസാദി ലോദി, രാകേഷ് രാജ്പുത്, ഭൂപേന്ദ്ര, സൂര്യ…
ഇന്ത്യയിലെ മുസ്ലീങ്ങൾക്കുണ്ടായിരുന്ന പരിഗണന ‘ഭാരത’ത്തിൽ ഉണ്ടാവില്ല, കൊല്ലാതെ വിട്ടതിന് കൊല്ലത്തെ ഷാജഹാൻ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നു.
-ആബിദ് അടിവാരം

Back to top button
error: