CrimeNEWS

പണമിടപാടിന്റെ പേരില്‍ മുൻവൈരാഗ്യം; നീണ്ടൂരിൽ ബാറിന് സമീപം യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയിൽ

ഏറ്റുമാനൂർ: ബാറിന് സമീപം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കടക്കരപ്പള്ളി, തൈക്കൽ ഭാഗത്ത് വെളിയിൽ വീട്ടിൽ ഗൗതം (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഒക്ടോബര്‍ 25ന് രാത്രി 9:30ന് നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചു.

പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ അർജുൻ, അഭിജിത്ത് രാജു , അജിത്കുമാർ , ശ്രീജിത്ത്.എം എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇപ്പോള്‍ ഇയാള്‍ മലമ്പുഴയിൽ നിന്നും പോലീസിന്റെ പിടിയിലാകുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ സജി പി. സി, അനീഷ്, ഡെന്നി, അനീഷ് വി.കെ സെയ്‌ഫുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: