KeralaNEWS

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ്: നിര്‍ണായകരേഖ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുന്‍ ഡി.ജി.പി. ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജര്‍ അഴിമതി കേസിലെ നിര്‍ണായകമായ രേഖ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇത് കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ സമയമാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചത്.

ജേക്കബ് തോമസിനെതിരെ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തത്സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്രവെച്ച കവറിലാണ് അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും സംസ്ഥാനം സുപ്രീം കോടതിക്ക് നല്‍കിയിരുന്നു.

Signature-ad

ഈ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവലും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹര്‍ഷദ് വി. ഹമീദും കേസുമായി ബന്ധപ്പെട്ട രേഖ സംബന്ധിച്ച കാര്യം സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയത്.

ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട ഈ രേഖ വ്യാജമായി ചമച്ചതാണെന്ന് ആരോപണമുണ്ട്. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പാക്കാന്‍ അത് കണ്ടത്തേണ്ടതുണ്ട്. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പോലും അത് കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഈ രേഖ ഉള്‍പ്പടെ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാനാണ് രണ്ട് മാസത്തെ സമയംകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

 

 

Back to top button
error: