KeralaNEWS

”പുനര്‍നിയമനത്തിന് സമ്മര്‍ദം മുഖ്യമന്ത്രിയില്‍നിന്ന്; മുഖ്യമന്ത്രി നേരിട്ടു വന്നു കണ്ട് കണ്ണൂര്‍ തന്റെ നാടാണെന്ന് പറഞ്ഞു”

തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂര്‍ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തന്നെ നേരില്‍വന്നു കണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.

നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ താന്‍ തുടങ്ങിയിരുന്നെന്നും അതിനിടെയിലാണ് മുഖ്യമന്ത്രിയുടെ സമ്മര്‍ദം ഉണ്ടായതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Signature-ad

ഗവര്‍ണറുടെ വാക്കുകള്‍:

”ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴി പറയുന്നത് തെറ്റാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. ആദ്യം എന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്. കണ്ണൂര്‍ എന്റെ നാടാണെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണ്, സമയമാകുമ്പോള്‍ താങ്കളുടെ അഭിപ്രായവും പരിഗണിക്കാമെന്നു പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയും എന്നെ വന്നു കണ്ടു. നിങ്ങള്‍ മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ നീക്കാമെന്നു പറഞ്ഞിട്ട് എന്തിനാണ് ഇത്തരത്തില്‍ ഒരു നടപടിക്രമമെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നിയമം അനുശാസിക്കുന്നത് അങ്ങനെയാണ്, അതുകൊണ്ടാണെന്ന്. എന്നാല്‍ തങ്ങളുടെ നിയമോപദേശകനായ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞത് ഈ നടപടിക്രമം നിര്‍ത്തിവയ്ക്കാമെന്നാണ്. അവര്‍ അഡ്വക്കറ്റ് ജനറലിന്റെ ഒപ്പില്ലാത്ത ഉത്തരവുമായി വന്നു. ഇതെങ്ങനെ ഞാന്‍ അഡ്വക്കറ്റ് ജനറലിന്റെ ഉത്തരവായി എടുക്കുമെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ചു സമയം കൂടി തരാന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ കത്തുമായി വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയല്ല. ഇവരാണ് എന്നെ കാണാന്‍ വന്നത്. ഇവരാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്തുമായി വന്നത്. ഇത് നിയമവിരുദ്ധമാണെന്നും എന്നാല്‍ നിങ്ങള്‍ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവുമായി വന്നതിനാല്‍ ഞാന്‍ സമ്മതിക്കാമെന്നും അവരോട് പറഞ്ഞു.”

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നുള്ള വാദം അംഗീകരിച്ചും സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ ഒദ്യോഗിക അധികാരം അടിയറവു വച്ചുവെന്നു ചൂണ്ടിക്കാട്ടിയുമാണ് സുപ്രീംകോടതി പുനര്‍നിയമനം റദ്ദാക്കിയത്. പുനര്‍നിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആണെന്നു ചൂണ്ടിക്കാട്ടി കേരള രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും സുപ്രീംകോടതി പരിഗണിച്ചു. പുനര്‍നിയമന വിജ്ഞാപനം ഗവര്‍ണറാണു പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ തീരുമാനത്തെ ബാധിച്ചുവെന്നതു കാണാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

 

Back to top button
error: