IndiaNEWS

ഐഎഫ്എഫ്ഐയില്‍ ‘കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം; മലയാളികളെ തടഞ്ഞുവച്ച് വിലക്കേര്‍പ്പെടുത്തി

പനാജി: ഗോവയില്‍ നടക്കുന്ന 54ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ കേരളാ സ്റ്റോറി സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേര്‍പ്പെടുത്തിയും പൊലീസ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ചലച്ചിത്ര പ്രവര്‍ത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവര്‍ത്തക അര്‍ച്ചന രവിയേയുമാണ് ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാജ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍ തങ്ങളെ പൊലീസ് തടഞ്ഞുവയ്ക്കുകയും ഐഎഫ്എഫ്‌ഐ പാസ് പിടിച്ചുവാങ്ങുകയും മേളയില്‍ നിന്ന് പുറത്താക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തെന്ന് ശ്രീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. മേളയില്‍ മുഖ്യധാരാ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നത്.

Signature-ad

ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് സിനിമയിലെ അവകാശവാദം.

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉന്നയിക്കുന്നത് തെളിവുകളുടെ പിന്‍ബലമില്ലാത്ത വെറും വ്യാജ ആരോപണങ്ങള്‍ മാത്രമാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 15-20 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടിയിലധികം കളക്ട് ചെയ്യുകയുണ്ടായി.

 

Back to top button
error: