ബംഗളൂരു: മൂന്നുവര്‍ഷംകൊണ്ട് 900 അനധികൃത ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ചന്ദന്‍ ബല്ലാല്‍, ആശുപത്രിയിലെ ലാബ് അസിസ്റ്റന്റ് നിസാര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഓരോ ഗര്‍ഭച്ഛിദ്രത്തിനും ഇവര്‍ 30,000 രൂപ വീതം ഈടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. അനധികൃതമായി ഭ്രൂണപരിശോധന നടത്തി പെണ്‍ഭ്രൂണങ്ങള്‍ തിരിച്ചറിഞ്ഞ് ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്ന റാക്കറ്റിലെ കണ്ണികളാണിവരെന്നും പോലീസ് പറഞ്ഞു.
അനധികൃത ഭ്രൂണപരിശോധന നടത്തുന്ന സംഘത്തില്‍പ്പെട്ട ശിവലിംഗ ഗൗഡ, നയന്‍കുമാര്‍ എന്നിവരെ കഴിഞ്ഞമാസം മാണ്ഡ്യയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. യുവതിയെ ഗര്‍ഭച്ഛിദ്രം നടത്താനായി കാറില്‍ കൊണ്ടുപോകുമ്പോഴായിരുന്നു അറസ്റ്റ്. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് മൈസൂരുവിലെ ആശുപത്രിയിലേക്ക് അന്വേഷണമെത്തിയത്.
ആശുപത്രിയുടെ മാനേജര്‍ മീണ, റിസപ്ഷനിസ്റ്റ് റിസ്മ ഖാന്‍ എന്നിവര്‍ ഈ മാസം ആദ്യം അറസ്റ്റിലായി. സംഘം മാണ്ഡ്യയിലെ ഒരു ശര്‍ക്കരനിര്‍മാണ യൂണിറ്റില്‍ അനധികൃതമായി അള്‍ട്രാ സൗണ്ട് സ്‌കാന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ സ്‌കാനിങ് യന്ത്രം പിടിച്ചെടുത്തിട്ടുണ്ട്.