ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം.
കാലടി സ്വദേശിനിയായ പതിനാലുകാരിയാണ് 2018ല്‍ സമീപനവാസിയുടെ പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സിഡബ്ലുസി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കുട്ടി മരിച്ചത്.
ഓട്ടിസം ബാധിച്ചിരുന്ന കുട്ടിയുടെ ചികിത്സയ്‌ക്കോ സുരക്ഷയോ ശിശുക്ഷേമ സമിതി ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുണ്ട്. മരണത്തിന്റെ ഉത്തരവാദിത്വം ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പോക്‌സോ കേസ് വിചാരണയിലിരിക്കെ പെണ്‍കുട്ടി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സമരക്കാരുടെ ആരോപണം മാത്രമല്ല ഇക്കാര്യത്തില്‍ തീരുമാനം വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലുമാണവര്‍. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കി വേണ്ട ചികിത്സ നല്‍കിയെന്നാണ് ശിശുക്ഷേമ സമിതി പറയുന്നത്. കേസില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരിയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അച്ഛനെതിരെയും പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ തിങ്കള്‍ വൈകിട്ട് പെണ്‍കുട്ടി മരിച്ചതായി അഗതി മന്ദിരത്തില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചു. ഓട്ടിസം ബാധിച്ച കുട്ടിയുടെ ഭക്ഷണകാര്യത്തിലടക്കം വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. ശിശുക്ഷേമ സമിതിയംഗത്തിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.