മലയാളം, തമിഴ് ഭാഷകളിലായി റോബിൻ ബസിന്റെ കഥ വെള്ളിത്തിരയിലേക്ക്
റാന്നി: കേരളത്തില്‍ അടുത്തകാലത്തായി ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ റോബിൻ ബസിന്റെ കഥ സിനിമയാവുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തിന് റോബിൻ: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രശാന്ത് ബി മോളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംവിധായകൻ തന്നെയാണ് റോബിൻ ബസിനെ ആസ്പദമാക്കിയുള്ള സിനിമ ചെയ്യുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് തന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സിനിമയായ കൂൻ റിലീസിനൊരുങ്ങി നില്‍ക്കവേ അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്ന വേളയിലാണ് റോബിൻ ബസ് സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും തുടർന്നാണ് ചിന്ത റോബിൻ ബസിലേക്ക് മാറിയതെന്നും പ്രശാന്ത് പറഞ്ഞു.
സതീഷിന്റേതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ചിത്രം മലയാളം, തമിഴ് ഭാഷകളിലാകും പുറത്തിറങ്ങുക. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന സിനിമയിലെ അഭിനേതാക്കളേക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.