ആകാരം കൊണ്ടല്ല ആദര്‍ശം കൊണ്ടു വ്യക്തിത്വം രൂപപ്പെടുത്തുന്നവരെ മാതൃകയാക്കൂ
വെളിച്ചം
അവള്‍ ആ രാജ്യത്തെ രാജകുമാരിയായിരുന്നു. പക്ഷേ, എല്ലാ സുഖസൗകര്യങ്ങളുമുപേക്ഷിച്ച് ഒരു സാധാരണക്കാരിയായി ജീവിക്കാനായിരുന്നു അവളുടെ ആഗ്രഹം. മകളുടെ ആഗ്രഹം നിറവേറ്റാന്‍ സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന ഒരു ദരിദ്രനുമായി അവളുടെ വിവാഹം നടത്തി. അവള്‍ അവിടെ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി.
ഒരു ദിവസം മുറി വൃത്തിയാക്കുന്നതിനിടെ പാത്രത്തില്‍ റൊട്ടി അടച്ചുവെച്ചിരിക്കുന്നത് കണ്ട് അവള്‍ തന്റെ ഭര്‍ത്താവിനോട് ചോദിച്ചു:
“എന്തിനാണ് ഇത് അടച്ചുവെച്ചിരിക്കുന്നത്?”
അയാള്‍ പറഞ്ഞു:
“അത് നാളേക്ക് വേണ്ടിയാണ്. നാളെ നമുക്കൊന്നും കിട്ടിയില്ലെങ്കില്‍ അതുകഴിക്കാം.”
അവള്‍ പറഞ്ഞു:
“നിങ്ങളുടെ പരിത്യാഗപൂര്‍ണ്ണമായ ജീവിതം കണ്ടിട്ടാണ് അച്ഛന്‍ നമ്മുടെ വിവാഹം നടത്തിയത്. എന്നിട്ട് നിങ്ങള്‍ നാളെയുക്കുറിച്ചാണോ ചിന്തിക്കുന്നത്?”
തന്റെ ഭാര്യയാണ് യഥാര്‍ത്ഥത്തില്‍ സന്യാസിനി എന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നി.
രണ്ട് വിധത്തില്‍ അസ്ഥിത്വം നിര്‍മ്മിക്കുന്നവരുണ്ട്. ആകാരം കൊണ്ടും ആദര്‍ശം കൊണ്ടും. ആകാരവൈവിധ്യങ്ങളിലൂടെ വ്യക്തിത്വം രൂപപ്പെടുത്തുന്നവര്‍ക്ക് പ്രദര്‍ശനശാലകളില്‍ മാത്രമേ പ്രസക്തിയുള്ളൂ. എന്നാല്‍ ആദര്‍ശം കൊണ്ട് അസ്തിത്വം രൂപപ്പെടുത്തുന്നവര്‍ ആള്‍ക്കൂട്ടത്തിനിടയിലും ആരും കാണാത്തയിടങ്ങളിലും ഒരേ നിറമുള്ളവരായിരിക്കും. കാലാവസ്ഥയ്ക്കനുസരിച്ച് നിറംമാറ്റം സംഭവിക്കുന്നവര്‍ക്ക് ഒരിക്കലും സ്ഥായീഭാവമുണ്ടായിരിക്കുകയില്ല. പുഷ്പ്പിക്കുന്നതെല്ലാം അകകാമ്പില്‍ ഉള്ളതുതന്നെയാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറാതെ അകത്തും പുറത്തും ഒരേ നിറം സ്വീകരിക്കാന്‍ നമുക്കും സാധിക്കട്ടെ
ഏവർക്കും ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ