KeralaNEWS

നവകേരള സദസിന് പണം നല്‍കി യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക്

പത്തനംതിട്ട: നവകേരള സദസിന് പണം നല്‍കി യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത്. ഒരുലക്ഷം രൂപയാണ് പഞ്ചായത്ത് ഭരണസമിതി അനുവദിച്ചത്. കെ.പി.സി.സിയുടെ നിലപാട് വരുന്നതിന് മുമ്പാണ് പണം അനുവദിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രസിഡന്റ് നല്‍കുന്ന വിശദീകരണം.

നവകേരള സദസിന് പണം നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ് ഭരണസമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരം പഞ്ചായത്ത് ഭരണസമിതി പണം അനുവദിച്ചത് വിവാദമായിരുന്നു. യു.ഡി.എഫ് നിലപാട് നിരാകരിച്ച് നവകേരള സദസിന് പണം നല്‍കിയാല്‍ അത്തരക്കാര്‍ സ്ഥാനത്തുണ്ടാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

Signature-ad

അതേസമയം, നവകേരളസദസ്സ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി കയറുന്നു. ഉത്തരവു പ്രകാരം തനതുഫണ്ടില്‍ നിന്ന് പണം നല്‍കിയാല്‍ സെക്രട്ടറിമാര്‍ക്കെതിരേ കോടതിയെ സമീപിക്കാന്‍ യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ തീരുമാനിച്ചതോടെയാണ് നിയമനടപടികള്‍ക്ക് സാഹചര്യമൊരുങ്ങുന്നത്. പഞ്ചായത്തീരാജ് നിയമത്തെ മറികടന്നുള്ള ഉത്തരവിനെയും കോടതിയില്‍ ചോദ്യംചെയ്യാനാണ് യു.ഡി.എഫ്. ഭരണസമിതികളുടെ തീരുമാനം.

കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയാണ് നിയമനടപടി സ്വീകരിക്കാന്‍ ആദ്യം തീരുമാനിച്ചവയിലൊന്ന്. ഇതിന്റെ ചുവടുപിടിച്ച് യു.ഡി.എഫ്. സാരഥ്യത്തിലുള്ള മറ്റു തദ്ദേശസ്ഥാപനങ്ങളും സമാനമായ തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ്. നവകേരളസദസ്സിന് സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ്. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതികള്‍ യോഗം ചേര്‍ന്ന് തുക നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

Back to top button
error: