ഇടുക്കി: ‘ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ’, പിക്കപ്പ് ജീപ്പുമായി ബൈക്ക് കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണുകിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ മറുപടിയാണിത്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. ശനിയാഴ്ച രാത്രി 10.30 ഓടെ കട്ടപ്പന പള്ളിക്കവല ജങ്ഷനിലായിരുന്നു അപകടം.
അപകടത്തില്‍ കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു (21), നത്തുകല്ല് എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം യുവാക്കള്‍ ബൈക്കില്‍ ടൗണിലേക്ക് വരുന്നതിനിടെ എതിരെ ദിശമാറിയെത്തിയ പിക്കപ്പ് ഇടിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ തെറിച്ചുവീണു. നാട്ടുകാര്‍ ഓടിക്കൂടിയതിന് പിന്നാലെ പോലീസ് ജീപ്പുമെത്തി.
പരിക്കേറ്റ യുവാക്കളില്‍ ഒരാളെ എടുത്തുകൊണ്ട് നാട്ടുകാര്‍ ജീപ്പിനടുത്തേക്ക് ചെന്നെങ്കിലും അതില്‍ കയറ്റാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പരിക്കേറ്റവരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പോകുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. രണ്ട് പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.
പരിക്കേറ്റ ജൂബിന്റെ കാല് മൂന്നിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൈയ്ക്കും ഒടിവുണ്ട്. തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടസമയം സ്ഥലത്തെത്തിയശേഷം മടങ്ങിയതെന്നാണ് വിവരം. പ്രതിയെ പീരുമേട് സബ് ജയിലിലാക്കിയശേഷം മടങ്ങി വരികയായിരുന്നു പോലീസ് സംഘം. സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കട്ടപ്പന ഡിവൈഎസ്പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും.