KeralaNEWS

ക്രൂരമര്‍ദനം, വെറും സാമ്പിളെന്ന് ഡിവൈഎഫ്‌ഐ നേതാവ്; വിവാദമായതോടെ തിരുത്തി

കണ്ണൂര്‍: നവകേരളസദസ്സ് നടക്കുന്ന കണ്ണൂരിലെ കളക്ടറേറ്റ് മൈതാനിയിലെ വേദിയിലേക്ക് യൂത്ത് കോണ്‍ഗ്ര് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. – സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഐ.സി.യുവില്‍ തുടരുകയാണ്. ഭീഷണി പരിഗണിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത് വെറും സാമ്പിളാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ കേരള സദസ്സ് നടക്കുന്ന പ്രദേശത്തേക്ക് പ്രതിഷേധവുമായി എത്തുമെന്ന് അറിയിച്ചത്. പിന്നീട് സരിന്‍ ശശി പോസ്റ്റ് പിന്‍വലിച്ചു. തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് പിന്‍വലിക്കുന്നതായി സരിന്‍ ശശി അറിയിച്ചത്.

Signature-ad

ഇന്ന് നാല് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, തലശ്ശേരി എന്നിവിടങ്ങളിലാണ് ഇന്നത്തെ പരിപാടികള്‍. പ്രതിഷേധം മുന്നില്‍ കണ്ട് പരിപാടി നടക്കുന്നിടത്തൊക്കെ സുരക്ഷ വര്‍ധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞ് പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും നേരേ കരിങ്കൊടി കാട്ടിയ ഏഴ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ.-സി.പി.എം. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇവരെ പോലീസ് രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെയും സംഘര്‍ഷമുണ്ടായി. ഇതില്‍ തലയ്ക്ക് പൂച്ചട്ടി കൊണ്ടടിയേറ്റ് സാരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍ (30) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ പുത്തന്‍പുരയില്‍ (30), കെ.എസ്.യു. മാടായി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സായി ശരണ്‍ വെങ്ങര (20), കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി സഞ്ജു സന്തോഷ് (19), യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിതാ മോഹനന്‍ (35) എന്നിവരും ഇവിടെ ചികിത്സയിലാണ്. മഹിതയുടെ ഇടത്തേ കൈയുടെ എല്ല് പൊട്ടി. മറ്റുള്ളവരുടെ ൈകക്കും തലയ്ക്കുമാണ് പരിക്ക്. മര്‍ദനമേറ്റ കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ പൂങ്കാവ് (31), മിഥുന്‍ കുളപ്പുറം (33) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ എരിപുരം-തളിപ്പറമ്പ് റോഡില്‍ വൈദ്യുതി ബോര്‍ഡ് ഓഫീസിന് സമീപമാണ് സംഭവം. മാടായിപ്പാറ പാളയം മൈതാനത്ത് കല്യാശ്ശേരി മണ്ഡലം പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത പരിപാടിക്കായി ബസില്‍ തളിപ്പറമ്പിലേക്ക് പോകുമ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ., സി.പി.എം. പ്രവര്‍ത്തകര്‍ ഓടിയെത്തി ഇവരെ മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Back to top button
error: