KeralaNEWS

‘റോബിന്‍’ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശി, കോടതിയില്‍ പൊയ്ക്കൂടെ? കെ.ബി ഗണേഷ്‌കുമാര്‍

കൊല്ലം: റോബിന്‍ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശിയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. ഇങ്ങനെ ബഹളംവെക്കുന്നതിന് പകരം അദ്ദേഹത്തിന് നേരിട്ട് കോടതിയില്‍ പോകാമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

”എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത വര്‍ത്തമാനം പറഞ്ഞ് ബഹളം വെക്കുന്നത്. അദ്ദേഹത്തിന് കോടതിയില്‍ പോകാമല്ലോ. കോടതി പറഞ്ഞാല്‍ അദ്ദേഹത്തിന് ധൈര്യമായി ഓടാമല്ലോ. കോടതി പറഞ്ഞതിന് എതിരെ പറയാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ. അത് ചെയ്യട്ടെ. എന്റെ കയ്യില്‍ ഒരു നിയമമുണ്ടെന്ന് ഞാന്‍ പറയുന്നതല്ലാതെ ആ നിയമത്തിനൊരു വ്യക്തതയുണ്ടാകണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുക. നിയമലംഘനമുള്ളതുകൊണ്ടാണല്ലോ തമിഴ്നാട്ടില്‍ ഈ വണ്ടി പിടച്ചത്. ഇവിടുത്തെ മന്ത്രിയും എം.ഡിയുമല്ലല്ലോ തമിഴ്നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തര്‍ക്കം തീര്‍ക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. സോഷ്യല്‍ മീഡിയ വഴിയുള്ള അമിത പ്രചാരണമാണ് ഇത്രയും പിന്തുണ കിട്ടാന്‍ കാരണം. അതിനപ്പുറം വേറൊന്നുമില്ല. ഈ രാജ്യത്ത് ഒരു നിയമമുണ്ട് അതിനാനുസരിച്ച് മാത്രമേ ആരായാലും ഇവിടെ ജീവിക്കാനാകൂ”

-ഗണേഷ്‌കുമാര്‍ പറഞ്ഞു.

Signature-ad

അതേസമയം, കേരള സര്‍ക്കാരുമായി ആലോചിച്ച ശേഷം പെര്‍മിറ്റ് ലംഘനത്തിനുള്ള പിഴ ഈടാക്കിയെ ബസ് വിട്ട് നല്‍കൂവെന്ന് എന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതായി റോബിന്‍ ബസ് ഉടമ ഗിരീഷ് പറഞ്ഞു. എന്ത് പ്രതിസന്ധി വന്നാലും സര്‍വീസ് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ തമിഴ്‌നാട് ഹൈക്കോടതിയെ സമീപിക്കാനാണ് ഗിരീഷ് ആലോചിക്കുന്നത്.

കഴിഞ്ഞദിവസമാണ് റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് ലംഘിച്ചതില്‍ ഗാന്ധിപുരം ആര്‍.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. ലംഘനം എന്താണെന്ന് ആര്‍.ടി.ഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് പറഞ്ഞിരുന്നു. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുമായി സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് നേരത്തെ കോയമ്പത്തൂര്‍ ചാവടിയില്‍ വച്ച് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞിരുന്നു. ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ നിയമവിരുദ്ധത ഉണ്ടെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഓള്‍ഇന്ത്യ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ദേശീയപാത വഴി സര്‍വീസ് നടത്തുന്ന റോബിന്‍ ബസ്സിനെ തടയുകയാണ് ലക്ഷ്യം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം.

 

Back to top button
error: