KeralaNEWS

തിരുവില്വാമലയില്‍ 8 വയസുകാരി മരിച്ചത് മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം കടിച്ചാവാം എന്ന് ഫൊറൻസിക് റിപ്പോർട്ട്

     തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 7 മാസം മുൻപു  മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി ആദിത്യശ്രീ മരിച്ച സംഭവത്തിൽ പുതിയ കണ്ടെത്തൽ. ഫോൺ പൊട്ടിത്തെറിച്ചതു മൂലമല്ല, സ്ഫോടകവസ്തു കടിച്ചതാകാം കുട്ടിയുടെ മരണകാരണമെന്നാണു ഫൊറൻസിക് റിപ്പോർട്ട്. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം മൃതദേഹത്തിലും കിടക്കയിലും തലയണയിലും കണ്ടെത്തി.

ഏപ്രിൽ 24ന് രാത്രി 11 മണിക്കാണ് കുട്ടി മരിച്ചത്. വിഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി തൽക്ഷണം മരിച്ചു എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മരണ കാരണത്തില്‍ സംശയം പ്രകടപ്പിച്ചു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ല എന്ന് ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയച്ചത്.

Signature-ad

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകളായ ആദിത്യശ്രീ  തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

പറമ്പിൽനിന്നു ലഭിച്ച പന്നിപ്പടക്കം കുട്ടി കടിച്ചതാകാം മരണകാരണമെന്നാണ് സംശയം. പക്ഷേ പ്രദേശത്ത് പന്നിപ്പടക്കം ലഭിക്കാൻ സാദ്ധ്യതയില്ലെന്നും പറയുന്നു. എങ്ങനെ ആദിത്യശ്രീക്കു പന്നിപ്പടക്കം ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങളുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

രാത്രിയിൽ സ്ഫോടന ശബ്ദം കേട്ടപ്പോൾ ആ വീട്ടിൽ ചികിത്സയിൽ കഴിയുന്ന അശോകന്റെ അമ്മ സരസ്വതിക്കായി കരുതിവച്ച ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണോ എന്നാണു നാട്ടുകാർ ആദ്യം ഭയന്നത്. ഓടിയെത്തിയവർ സരസ്വതിയെ കുഴപ്പമില്ലാതെ കണ്ടപ്പോൾ ആശ്വസിച്ചെങ്കിലും അപകടം പറ്റി കിടക്കുന്ന ആദിത്യശ്രീയെ കണ്ട് വിറങ്ങലിച്ചുപോയി.

ആദിത്യശ്രീ സ്ഥിരമായി മൊബൈൽ ഉപയോഗിക്കാറില്ലെന്നും പൊട്ടിത്തെറിക്കു മുൻപ് ഇതേ ഫോണിൽനിന്നു മകൾ അമ്മയെ വിളിച്ചിരുന്നെന്നും ആദിത്യശ്രീയുടെ പിതാവ് അശോക് കുമാർ  പറയുന്നു.

Back to top button
error: