കേരളത്തെ ഞെട്ടിച്ച കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രവീൺ പ്രദീപാ (24) ണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്‌ന (12) എന്നിവർ മരിച്ചിരുന്നു. ലിബ്‌ന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്.
പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു. സ്ഫോടനത്തിൽ പരുക്കേറ്റ് 16 പേരാണ് ഇനി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 8 പേരും തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇതിനിടെ കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ വീതമാണ് ഓരോ കുടുംബത്തിനും നൽകുക. സ്ഫോടനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.