പക്ഷേ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തെ പരുത്തിപ്പാറ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയുടെ ഗായകസംഘത്തിന് മറ്റൊരു ദൗത്യമാണു കിട്ടിയത് – പള്ളിയില്‍ ദേശീയഗാനം ആലപിക്കുക. 25 -ലേറെ വരുന്ന യുവതീയുവാക്കള്‍ വളരെ മനോഹരമായി ദേശീയഗാനം ആലപിച്ചത് വിരുന്നെത്തിയവർക്ക് പുതുമയുമായി.
കോട്ടയം, കൊട്ടാരക്കര ഭാഗത്തുനിന്നു തിരുവനന്തപുരത്തേയ്ക്കുള്ള എംസി റോഡിലൂടെ വരുമ്ബോള്‍ നഗരത്തിലേയ്ക്കുള്ള കവാടമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലമാണു പരുത്തിപ്പാറ. ജങ്ങ്ഷനു തൊട്ടടുത്ത് റോഡരികില്‍ത്തന്നെയാണു പള്ളി. 50 വര്‍ഷം മുമ്ബു സ്ഥാപിച്ച പള്ളിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനമായിരുന്നു ചടങ്ങ്. ഉല്‍ഘാടനം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഗവര്‍ണര്‍ ഒരു ചടങ്ങിനെത്തുമ്ബോള്‍ ആദ്യം വേണ്ടത് ദേശീയ ഗാനാലാപനമാണ്. ചടങ്ങ് എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഗവര്‍ണര്‍ വേദിയിലെത്തായാലുടന്‍ ദേശീയഗാനം ആലപിക്കണം. വേദിയിലും സദസിലുമുള്ളവരെല്ലാവരും എഴുന്നേറ്റ് നില്‍ക്കുകയും വേണം. ചടങ്ങു തീര്‍ന്ന് ഗവര്‍ണര്‍ വേദി വിടുവാന്‍ തയ്യാറാകുമ്ബോഴും ദേശീയഗാനം ആലപിക്കണം.
സാധാരണ ഇത്തരം പൊതുചടങ്ങുകളില്‍ ദേശീയഗാനത്തിന്‍റെ റിക്കാര്‍ഡ് ഇടുകയാണു പതിവ്. സ്വന്തം ഗായകസംഘമുള്ള പരുത്തിപ്പാറ മാര്‍ത്തോമ്മാ പള്ളി ഭാരവാഹികള്‍ അതിനൊന്നും പോയില്ല. ഗായകസംഘം തന്നെ ദേശീയഗാനം ആലപിക്കട്ടെ എന്ന് അവര്‍ തീരുമാനിച്ചു. ഗായകസംഘം അതിമനോഹരമായി ദേശീയഗാനം അവതരിപ്പിക്കുകയും ചെയ്തു.
തലസ്ഥാന നഗരിയിലെ ഒരു ക്രിസ്ത്യന്‍ പള്ളി, അതിന്‍റെ നിര്‍മാണത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാനെ ക്ഷണിച്ചതും അദ്ദേഹം ഏഴുതിരിയിട്ട നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തതും മാര്‍ത്തോമ്മാ സമൂഹത്തിന്‍റെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ഉയര്‍ന്ന മതേതര ചിന്തയും സാമൂഹ്യ ബോധവും വിളിച്ചോതുന്നതായിരുന്നു.
ചടങ്ങില്‍ ആശംസകളര്‍പ്പിച്ചത് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയായിരുന്നു.