ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവർലാൽ നെഹ്‌റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14-ന് എല്ലാ വർഷവും ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബർ 14നാണ് നെഹ്‌റു ജനിച്ചത്. കുട്ടികളോടുള്ള വാത്സല്യത്തിന് പേരുകേട്ട അദ്ദേഹം കുട്ടികൾക്കായി തദ്ദേശീയമായ സിനിമ നിർമിക്കുന്നതിനാണ് 1955 ൽ ‘ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഇന്ത്യ’ സ്ഥാപിച്ചത്. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്, അവർക്ക് ശരിയായ വിദ്യാഭ്യാസവും ആരോഗ്യകരമായ ബാല്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് ഉചിതമായ വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശിശുദിനം അവബോധം സൃഷ്ടിക്കുന്നു.
ശിശുദിനം ആരംഭിച്ചത് എന്നാണ്?
1964 ന് മുമ്പ് ഇന്ത്യയിൽ നവംബർ 20 ന് ശിശുദിനം ആഘോഷിച്ചിരുന്നു എന്നാൽ 1964 ൽ നെഹ്രുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യൻ പാർലമെന്റ് ആദ്യത്തെ പ്രധാനമന്ത്രിയുടെ ജനനത്തീയതി ശിശുദിനമായി നിശ്ചയിച്ചുകൊണ്ട് നിയമം പാസാക്കി. ഒരു നല്ല നേതാവ് എന്നതിലുപരി, ഇന്ത്യയിലെ ചില പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ കൂടിയായിരുന്നു നെഹ്‌റു. എയിംസ്, ഐഐടി, ഐഐഎം എന്നിവ അദ്ദേഹമാണ് സ്ഥാപിച്ചത്. ഒരിക്കൽ അദ്ദേഹം പറഞ്ഞു, ‘ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ സൃഷ്ടിക്കും. നമ്മൾ അവരെ വളർത്തുന്ന രീതി രാജ്യത്തിന്റെ ഭാവി തീരുമാനിക്കും’.
‘ചാച്ചാജി’
‘ചാച്ചാജി’ എന്ന് നെഹ്‌റുവിനെ വിളിക്കുന്നതിന്റെ കാരണം കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ്. തന്റെ ജ്യേഷ്ഠസഹോദരനായി കരുതിയിരുന്ന മഹാത്മാഗാന്ധിയുമായി നെഹ്‌റുവിന് വളരെ അടുപ്പമുണ്ടായിരുന്നു എന്നതാണ് മറ്റൊരു ജനപ്രിയ കാര്യം. ഗാന്ധി ‘ബാപ്പു’ എന്നറിയപ്പെട്ടപ്പോൾ നെഹ്‌റു ‘ചാച്ചാജി’ എന്നറിയപ്പെട്ടു. ശിശുദിനത്തിൽ ദേശീയ അവധിയില്ല. ഈ ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ മത്സരങ്ങൾ, സംഗീത നൃത്ത പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഒരിക്കൽ പറഞ്ഞു, ‘കുട്ടികൾ ഒരു പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും പരിപാലിക്കണം. കാരണം അവർ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്…’ ജവഹർലാൽ നെഹ്‌റു തന്റെ ജീവിതകാലം മുഴുവൻ കുട്ടികളെ പരിപാലിക്കാൻ ചിലവഴിച്ചു. വിദ്യാഭ്യാസത്തിനും പൊതുവികസനത്തിനുമായി പ്രവർത്തിച്ചു, യുവാക്കളുടെ ക്ഷേമം ഉറപ്പുനൽകുന്നതിലൂടെ മാത്രമേ ഒരു രാഷ്ട്രം വിജയിക്കുകയുള്ളൂവെന്ന് അദ്ദേഹം ശക്തമായി വിശ്വസിച്ചു. യുവമനസുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി പണ്ഡിറ്റ് നെഹ്‌റു വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കുട്ടികളോടുള്ള അഗാധമായ വാത്സല്യവും സ്നേഹവും കാരണം അദ്ദേഹം ഇന്ത്യയിൽ നിരവധി പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.