KeralaNEWS

ക്ഷേമ പെന്‍ഷന്‍ കിട്ടാതെ പിച്ചച്ചട്ടിയെടുത്തു; മറിയക്കുട്ടിയുടെ വീടിനുനേരെ കല്ലേറ്

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്നു ഭിക്ഷ യാചിക്കാന്‍ മണ്‍ചട്ടിയുമായി ഇറങ്ങിയ വയോധികരില്‍ ഒരാളായ ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിയുടെ (87) വീടിനുനേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി 9.30നു വീടിനുനേരെ കല്ലേറുണ്ടായതായി മറിയക്കുട്ടി പറഞ്ഞു. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന സിപിഎമ്മില്‍നിന്നു ഭീഷണിയുണ്ടെന്നും പരാതി നല്‍കുമെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടിയും പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണു ഭിക്ഷയെടുക്കാനിറങ്ങിയത്.

4 പെണ്‍മക്കളാണു മറിയക്കുട്ടിക്ക്. ഇളയ മകള്‍ പ്രിന്‍സിയുടെ വീട്ടിലാണ് ഇപ്പോള്‍ മറിയക്കുട്ടി തനിച്ചു താമസിക്കുന്നത്. ഷീറ്റിട്ട വീടാണിത്. പ്രിന്‍സി ഭര്‍ത്താവിനൊപ്പം അടിമാലിയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മറ്റു മക്കള്‍ ആയിരമേക്കര്‍, വയനാട് പനമരം, ഡല്‍ഹി എന്നിവിടങ്ങളിലാണ്. എന്നാല്‍, മക്കളിലൊരാള്‍ വിദേശത്തുണ്ടെന്നാണു സിപിഎം പറയുന്നത്.

Signature-ad

മറിയക്കുട്ടിക്കു പഴമ്പിള്ളിച്ചാലില്‍ ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും സിപിഎം ആരോപിച്ചിരുന്നു. ഈ സ്ഥലം കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് ഇന്നു മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫിസറെ സമീപിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.

Back to top button
error: