CrimeNEWS

കോഴിക്കോട്ടുനിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി? കൊന്നു കൊക്കയില്‍ തള്ളിയെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: ദിവസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പൊലീസ് കസ്റ്റഡിയിലാണ്.

സുഹൃത്തിന്റെ സഹായത്തോടെ കാറില്‍വച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. അതേസമയം, മൃതദേഹം ലഭിച്ചാല്‍ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

Signature-ad

ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കസബ പൊലീസ് കേസ് റജിസ്റ്റര്‍ െചയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തേക്കുറിച്ച് പ്രതിയുടെ മൊഴിപ്രകാരം പൊലീസ് പറയുന്നത് ഇങ്ങനെ:

താനൂര്‍ കുന്നുംപുറം പള്ളിവീട്ടില്‍ സമദ് (52) ആണ് കസബ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയത് താനാണെന്ന് മൊഴി നല്‍കിയത്. ഇയാള്‍ പറയുന്നത് അനുസരിച്ച് സുലൈമാന്‍ എന്ന സുഹൃത്തിനൊപ്പം ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ കോഴിക്കോടു പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തുനിന്നും കാറില്‍ കയറ്റിക്കൊണ്ടു പോയത്. സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവച്ച് ഇരുവരും ചേര്‍ന്ന് സൈനബയെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നശേഷം നിലമ്പൂര്‍ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചു. പ്രതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, മൃതദേഹം കണ്ടെത്തുന്നതിനായി ഗൂഡല്ലൂരിലേക്കു തിരിച്ചു.

Back to top button
error: